ദിസ്പുര്‍: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അസം സര്‍ക്കാര്‍. കൃത്യമായി സ്കൂളുകളില്‍ വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് 100 രൂപ പ്രതിദിനം ലഭിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദിവസവും 100 രൂപ വീതം നല്‍കുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പ്രഖ്യാപിച്ചത്. 144.30 കോടിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അസം സര്‍ക്കാര്‍ നീക്കിവച്ചിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ഡിവിഷനോടെ പ്ലസ് ടുവില്‍ വിജയം നേടിയ വിദ്യാര്‍ഥിനികള്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്യുവാന്‍ അസം സര്‍ക്കാര്‍ ശിവസാഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22,000 സ്കൂട്ടറുകളാണ് വിദ്യാര്‍ഥിനികള്‍ക്കായി വിതരണം ചെയ്തത്.
ഈ മാസം അവസാനത്തോടെ അസമിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥിനികളുടെ ബാങ്ക് അക്കൗണ്ടില്‍ 1500 മുതല്‍ 2000 രൂപ വരെ ഇട്ടുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തുക അവര്‍ക്ക് പുസ്തകം വാങ്ങാനോ മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് മൂലം അന്നത് സാധിച്ചില്ല. സ്കൂളുകളില്‍ മാത്രമല്ല, കോളേജുകളിലും കൃത്യമായി ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തിലൊരു തുക നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ” ബിശ്വ ശര്‍മ പറഞ്ഞു.