ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനാണെന്ന വാർത്ത ഗെലോട്ട് തന്നെയാണ് പുറത്ത് വിട്ടത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ഹോം ഐസൊലേഷനിൽ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ ജോലി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ആശോക് ഗെലോട്ടിന്‍റെ ഭാര്യ സുനിത ഗെലോട്ടിന് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ താൻ ക്വാറന്‍റൈനിൽ പോവുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിയും കൊവിഡ് ബാധിതനാണെന്ന് വ്യക്തമായത്.

കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെങ്കിലും ദിവസവും രാത്രി 8.30ന് കൊവിഡ് അവലോകന യോഗം ചേരുമെന്നും ഗെലോട്ട് വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിൽ ഇന്നലെ 16,613 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത് 120 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,63,577 ആയി ഉയർന്നു. 8,303 പേർക്കായിരുന്നു 24 മണിക്കൂറിനിടെ രോഗമുക്തി.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയർന്നിരിക്കുകയാണ്. 30,84,814 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,50,86,878 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,69,507 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15,00,20,648 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here