തിരുവനന്തപുരം: ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. 21 വയസുകാരിയായ ആര്യ രാജേന്ദ്രന് ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്.
നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യയ്ക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.
പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ് പറഞ്ഞു. ബി.എസ്.സി മാത്ത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.