കൊല്‍ക്കത്ത: സില്‍ക്ക് സ്മിതയുടെ കഥപറഞ്ഞ ‘ദി ഡേര്‍ട്ടി പിക്ചറി’ല്‍ വിദ്യാ ബാലനൊപ്പം അഭിനയിച്ച നടി ആര്യ ബാനര്‍ജിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ കൊല്‍ക്കത്തയിലെ ജോദ്പൂര്‍ പാര്‍ക്കിലെ അപ്പാര്‍ട്ട്മെന്റിലാണ് മുൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ അടച്ചനിലയിലായിരുന്നു. ഫോണ്‍ കോളുകളോടും ആര്യ പ്രതികരിക്കാതിരുന്നപ്പോള്‍ വീട്ടുജോലിക്കാര്‍ പോലീസുകാരെ അറിയിക്കയായിരുന്നു. പോലെത്തി വാതില്‍ തുറന്നശേഷം നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം അവളുടെ മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായും മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചതായും പോലീസ് പറഞ്ഞു.
താരം തനിച്ചാണ് താമസിക്കുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുറത്തുനിന്ന് എന്തെങ്കിലും ഭക്ഷണം ലഭിച്ചിട്ടുണ്ടോയെന്നറിയാന്‍ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. അന്തരിച്ച സിത്താരിസ്റ്റ് പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയുടെ മകളായിരുന്നു ആര്യ. മുംബൈയിലെ അനുപം ഖേറിന്റെ അഭിനയ സ്കൂളില്‍ നിന്നാണ് അവര്‍ അഭിനയം പഠിച്ചത്. ലവ് സെക്സ് ഓര് ധോക (2010), ദ ഡേര്‍ട്ടി പിക്ചര്‍ (2011) തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. കുറച്ചുകാലം മോഡലിങ്ങ് രംഗത്തും സജീവമായിരുന്നു താരം.