അഹമ്മദാബാദ്: 250 ഏക്കര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ ഒരുങ്ങുന്നു. ഗുജറാത്തിലെ ജാംനഗറിലാണ് കൂടുതല്‍ വര്‍ഗത്തില്‍പ്പെട്ട, കൂടുതല്‍ മൃഗങ്ങളുളള മൃഗശാല ഒരുങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മൃഗശാല നിര്‍മ്മിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എംകെ ദാസ് പറഞ്ഞു.
ഗുജറാത്തിലെ അസോചാം ഫൗണ്ടേഷനു കീഴിലുളള വിര്‍ച്വല്‍ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഗുജറാത്തിലെ കെവാഡിയയിലാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വര്‍ഗത്തില്‍പ്പെട്ട, കൂടുതല്‍ മൃഗങ്ങളുളള മൃഗശാലയും ജാംനഗറില്‍ ഉടന്‍ വരും’ എന്ന് അദ്ദേഹം അറിയിച്ചു. ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിംഗ്ഡം എന്നായിരിക്കും മൃഗശാലയുടെ പേര്.
സ്വകാര്യ മേഖലയില്‍ മൃഗശാല എന്നത് രാജ്യത്ത് പുതിയതല്ലെന്നും കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ ഗാര്ഡന് നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനല്‍ ഡയറക്ടര്‍ജനറല്‍ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു. റിലയന്‍സിനു വന്യജീവി സംരക്ഷണത്തില്‍ താല്പര്യവും അഭിനിവേശവുമുണ്ടെന്നതു നേരത്തെ അറിയാം. വന്യജീവി സംരക്ഷണത്തില്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്നാണു കരുതുന്നതെന്നും സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.
ലോകമെമ്ബാടുമുളള മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടുന്ന മൃഗശാലയില്‍ ഫ്രോഗ് ഹൗസ്, ഡ്രാഗണ്‍സ് ലാന്‍ഡ്, ഇന്സെക്റ്റേറിയം, ലാന്‍ഡ് ഓഫ് റേഡന്റ്, അക്വാട്ടിക് കിംഗ്ഡം, ഫോറസ്റ്റ് ഓഫ് ഇന്ത്യ, മാര്‍ഷസ് ഓഫ് വെസ്റ്റ് കോസ്റ്റ്, ഇന്ത്യന്‍ ഡസേര്‍ട്ട് ,എക്സോട്ടിക് അയര്‍ലന്റ് തുടങ്ങിയ പേരുകളിലായിരിക്കും സെഷനുകള്‍ നിര്‍മ്മിക്കുക. ആഫ്രിക്കന്‍ സിംഹം, ചീറ്റ, ജാഗര്‍, ഇന്ത്യന്‍ ചെന്നായ, ഏഷ്യന്‍ സിംഹം, ഹിപ്പോ, ഓറാന്ഗുട്ടാന്, ബംഗാല്‍ കടുവ, ഗൊറില്ല, ജിറാഫ്,ആഫ്രിക്കന്‍ ആന, കൊമോഡോ ഡ്രാഗണ്‍ തുടങ്ങിയ മൃഗങ്ങള്‍ മൃഗശാലയുടെ ഭാഗമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.