ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ സ്ത്രീ ജീവനക്കാർക്കും അവധി അനുവദിച്ച് തെലങ്കാന സർക്കാർ. ഞായറാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും വനിതാ ദിന ആശംസകൾ നേർന്നു.
നൂറ്റാണ്ടുകളായി നമ്മുടെ പൈതൃകം, സംസ്കാരം, പാരമ്പര്യങ്ങള്‍ എന്നിവ സ്ത്രീകളെ ബഹുമാനിക്കുകയും ശക്തി ദേവിയുടെ വ്യക്തിത്വമായി ആരാധിക്കുകയും ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. വികസനത്തില്‍ വനിതകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷന്മാരോട് മത്സരിച്ച് എല്ലാ മേഖലകളിലും അവര്‍ മികവ് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു.
എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവര്‍ നേടിയെടുക്കുന്ന നേട്ടങ്ങളും എടുത്തുകാണിക്കുകയെന്നതാണ് വനിതാദിനത്തിന്റെ പ്രധാന്യം. എന്നിരുന്നാലും ഈ വര്‍ഷത്തെ വനിതാ ദിനം മുന്‍പെങ്ങുമില്ലാത്ത സാഹചര്യങ്ങളിലാണ് എന്നത് തന്നെ.
കൊറണയെന്ന മഹാമാരി തീര്‍ത്ത ദുരന്തങ്ങളില്‍ നിന്നും രാജ്യങ്ങള്‍ കരകയറി വരുന്നേയുള്ളൂ. എല്ലാവരും ഒന്നിച്ച് പോരാടേണ്ട ഈ അവസ്ഥയിലും സ്ത്രീകളെയും പെണ്‍കുട്ടികളെയും പാര്‍ശ്വവല്‍ക്കരിക്കുന്ന വ്യവസ്ഥിതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊറോണ മഹാമരിയില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതിലും സജീവമായ പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും സ്ത്രീകള്‍ക്കും നല്‍കണം.
സ്ത്രീ നേതൃത്വത്തില്‍: കോവിഡ് -19 ലോകത്ത് തുല്യത കൈവരിക്കുക എന്നതാണ് 2021ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രമേയം. ഈ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത് നിര്‍ണയകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രത്യേകിച്ചും നയരൂപീകരണവുമായി ബന്ധപ്പെട്ട് സ്ത്രീകളെ എങ്ങനെ തുല്യ പങ്കാളികളാക്കും എന്നതാണ്.
വിപ്ലവകരമായ ഇത്തരത്തിലുള്ള ചുവടുവെപ്പുകള്‍ വിജയിക്കാന്‍ ആദ്യം സ്ത്രീകളുടെ പുരോഗമനത്തെ തടസ്സപ്പെടുത്തുന്ന സാംസ്കാരിക, ചരിത്ര, സാമൂഹിക-സാമ്പത്തിക ഘടകങ്ങളെ തകര്‍ക്കേണ്ടതുണ്ട്. നിലവില്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ കുറഞ്ഞ വേതനത്തില്‍ ദുര്‍ബലമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നു.
ഇന്ത്യയില്‍ മാത്രമൊതുങ്ങുന്നതല്ല ഈ പ്രശ്നം. ലോക രാജ്യങ്ങളുമായി ചേര്‍ന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുക എന്നതാണ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) ലക്ഷ്യം വെക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യം സ്ത്രീകളുടെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നേട്ടങ്ങള്‍ ലോകത്തിന് മുന്പില് ആഘോഷിക്കുക എന്നത് തന്നെയാണ് ഇത്തരമൊരു ദിനത്തിന്റെ ലക്ഷ്യം. കൂടാതെ ലിംഗ തുല്യത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ആഹ്വാനമായും ഈ ദിനത്തെ കാണക്കുന്നു.