”രോമമുള്ള കൈയും എന്റെ യഥാര്‍ത്ഥ നിറവും എവിടെ?”

ഗൃഹലക്ഷ്മി ദ്വൈവാരികയുടെ മുഖച്ചിത്രത്തില്‍ തന്നെ ‘വെളുപ്പിച്ചെടുത്തതിനെതിരേ’ വിമര്‍ശനവുമായി ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ നടി കനി കുസൃതി. ‘മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക’ – എന്ന തലക്കെട്ടില്‍ കനി കുസൃതിയുടെ അഭിമുഖം ഉള്‍പ്പെടുത്തി ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച ലക്കത്തിലാണ് കളര്‍മാറ്റിയത്.

”രോമമുള്ള കൈയും എന്റെ യഥാര്‍ത്ഥ നിറവും എവിടെ?” – എന്നു കുറിച്ചുകൊണ്ട് കനി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റുചെയ്തതോടെയാണ് ഗൃഹലക്ഷ്മിയുടെ വെളുപ്പിച്ചെടുക്കല്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കറുത്തവരെ വെളുപ്പിലേ പെണ്ണാകൂവെന്ന സന്ദേശമാണോ വാരിക മുന്നോട്ടുവയ്ക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.

തൊലി നിറവും കറുപ്പും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നൂവെന്നാണ് കനി പറയുന്നത്. തന്റെ നിലപാടുകള്‍ ഫോട്ടോഷൂട്ടിനു മുമ്പ് ചര്‍ച്ചചെയ്തിരുന്നൂവെന്നും കവറിലെ ഫോട്ടോ മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ടാണെന്നും കനി കുസൃതി ചോദ്യമുയര്‍ത്തി. എന്നാല്‍ ഗൃഹലക്ഷ്മിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here