പി‌പി‌ഇ കിറ്റ് ധരിച്ച് ആംബുലൻസ് ഡ്രൈവറുടെ ‘ബറാത്ത്’ ആഘോഷം; ഡാൻഡ് സോഷ്യൽ മീഡിയയിൽ വൈറൽ

ഡെറാഡൂൺ: വർധിച്ചു വരുന്ന കോവിഡ് -19 കേസുകൾ കാരണം രാജ്യത്തെ ആരോഗ്യ മേഖല വളരെയേറെ സമ്മർദ്ദം അനുഭവിക്കുന്ന സമയാണിത്. ഇതിനിടെയാണ് ഉത്തരാഖണ്ഡിലെ ഒരു ആംബുലൻസ് ഡ്രൈവറുടെ നൃത്തം ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങാണ് ‘ബറാത്ത്’. പാട്ടവും നൃത്തവുമൊക്കെയുള്ള ആഘോഷത്തിൽ പിപിഇ കിറ്റ് ധരിച്ചാണ് ആംബുലൻസ് ഡ്രൈവർ ബോളിവുഡ് ഹിറ്റുകൾക്ക് ചുവട് വയ്ക്കുന്നത്.

തിങ്കളാഴ്ച രാത്രി സുശീല തിവാരി മെഡിക്കൽ കോളേജിന് പുറത്ത് ഡെറാഡൂണിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള ഹൽദ്വാനി എന്ന നഗരത്തിലൂടെയാണ് വിവാഹ ഘോഷയാത്ര കടന്നു പോയത്. കോവിഡ് കർഫ്യൂ ആചരിക്കുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ബറാത്ത്.

പെട്ടെന്നായിരുന്നു പി‌പി‌ഇ കിറ്റ് ധരിച്ച ഒരാൾ ഘോഷയാത്രയിലേയ്ക്ക് ചാടി വീണ് ബോളിവുഡ് ഈണങ്ങൾക്ക് നൃത്തം ചെയ്യാൻ തുടങ്ങിയത്. ആദ്യം ഘോഷയാത്രയിൽ പങ്കെടുത്തവ‍ർ പരിഭ്രാന്തരായി. എന്നാൽ ക്ഷണിക്കപ്പെടാതെ പരിപാടിയിൽ പങ്കെടുത്ത ഡാൻസുകാരൻ ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്ന ആംബുലൻസ് ഡ്രൈവറാണെന്ന് മനസിലായി.

പി‌പി‌ഇ കിറ്റ് ധരിച്ച് നൃത്തം ചെയ്തയാളുടെ പേര് മഹേഷ് എന്നാണ്. കോവിഡ് -19 പ്രതിസന്ധിയെ നേരിടാൻ ഓരോ ദിവസവും 18 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നയാളാണ് മഹേഷ്. തനിയ്ക്കും തന്നപ്പോലെ ജോലി ചെയ്യുന്ന നിരവധിയാളുകൾക്കും ഇത്തരത്തിൽ ചില ഇടവേളകൾ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

വിവാഹ ഘോഷയാത്രയിൽ പങ്കു ചേർന്നത് സ്വന്തം മാനസികോല്ലാസത്തിന് വേണ്ടിയാണെന്ന് ന്യൂസ് 18 നോട് സംസാരിച്ച മഹേഷ് സെയ്ഫ് പറഞ്ഞു. അതിഥികളിൽ കുറച്ചുപേർ മാത്രമേ നൃത്തം ചെയ്യുന്നുണ്ടായിരുന്നുള്ളൂ. മിക്കവരും ആശങ്കാകുലരും ഭയമുള്ളവരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഒരു സാധാരണ വിവാഹ ഘോഷയാത്ര പോലെ തോന്നിയില്ലെന്നും എന്നാൽ ‌താൻ ചേർന്നയുടനെ സംഘത്തിലെ നിരവധി പേ‍‍ർ നൃത്തം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

നൃത്തം ചെയ്യുന്ന ആംബുലൻസ് ഡ്രൈവറുടെ വീഡിയോ വിവാഹ അതിഥികളിൽ ഒരാളാണ് ചിത്രീകരിച്ചത്. അതിനുശേഷം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോവിഡ് -19 ന്റെ വർദ്ധിച്ചുവരുന്ന കേസുകൾ തടയുന്നതിന് സംസ്ഥാന സർക്കാർ വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി കുറച്ചിട്ടുണ്ട്. ബന്ധപ്പെട്ട ആളുകൾ ‌പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി തേടേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here