ചെന്നൈയിൽ കോവിഡ് പേടിയൊന്നും കൂടാതെ ഐ ടി എഞ്ചിനിയർമാരായ വി ചിന്നദുരൈയും ശ്വേതയും വിവാഹിതരായി. ഇവരുടെ വിവാഹ വീഡിയോ വൈറലായിരിക്കുകയാണ്. കോവിഡ് പേടിയൊന്നും കൂടാതെ കടലിനടിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ശുഭമുഹൂർത്തത്തിനായി ശാന്തമായ കടലിനെ കാത്തിരിക്കുകയായിരുന്നു ഇരുവരും. അതിനാൽ വിവാഹ തീയതി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. സമുദ്രത്തിനകത്ത് വെച്ച് തന്നെ വിവാഹിതരാകണമെന്നുള്ള ഉറച്ച തീരുമാനമായിരുന്നു ഇവർക്ക്. ഒടുവിൽ തിങ്കളാഴ്ച രാവിലെ ആ സുദിനമെത്തി. ശാന്തമായ കടലിൽ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂർ സ്വദേശിനി ശ്വേതയും താലി കെട്ടി. അതും പരമ്പരാഗത വിവാഹ വസ്ത്രം അണിഞ്ഞുതന്നെ.
ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാണ് ഇരുവരും കടലിൽ 60 അടി താഴ്ചയിലേക്ക് ചാടിയത്. വിവാഹവസ്ത്രത്തിനുപുറത്ത് സ്കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു. വിവാഹം വെള്ളത്തിനടിയിൽ വെച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോൾ ജീവൻ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവർ. ഈ ഭയത്തിൽനിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു.