കോഴിക്കോട്: തൃക്കോട്ടൂര്‍ ദേശത്തെ നാട്ടുകാര്യങ്ങള്‍ കഥകളില്‍ നിറച്ച യു.എ. ഖാദര്‍ (85) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രകാരന്, പത്രപ്രവര്ത്തകന് എന്നി നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരോഗ്യ വകുപ്പിലായിരുന്നു.
നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ അടക്കം ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പന് കോളജിനു സമീപം അക്ഷരത്തിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. മരുമക്കള്‍: കെ. സലാം, സഗീര്‍ അബ്ദുള്ള, സുബൈദ, ഷെരീഫ, റാഹില. സംസ്കാരം ഞായറാഴ്ച നടക്കും.