തൃശൂർ: വടക്കുംനാഥനെ സാക്ഷിയാക്കി തൃശൂർ പൂരം തുടങ്ങി. കൊവിഡ് മഹാമാരിയിൽ നാടും നഗരവും വിറങ്ങലിച്ച് നിൽക്കുമ്പോളാണ് ഇത്തവണത്തെ പൂരം. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ പൂരം നടത്തണമെന്നും ജില്ലാ ഭരണകൂടവും ഡിഎംഒയും അതിനെതിരായി വന്നതോടെയും പൂരം മുടങ്ങും എന്ന അവസ്ഥയായി. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ആരെയും പൂരപ്പറമ്പിൽ പ്രവേശിപ്പിക്കാതെ പൂരം നടത്താൻ തീരുമാനമായത്.

ആളുകളെ കൊണ്ട് നിറയേണ്ട വടക്കുംനാഥൻ്റെ തിരുമുറ്റം ഇത്തവണ ശൂന്യമാണ്. ഓരോ ഘടക പൂരം വരുമ്പോഴും ആയിരങ്ങൾ താളം പിടിക്കാൻ ഉയർത്തുന്ന കൈകളും ഇല്ല. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി. ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം.

പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പോലീസ് നിയന്ത്രണത്തിലാണ്. 2000 പോലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെയുള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. ബ്രിഹസ്പതി രൂപത്തിലുള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം വടക്കുംനാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം.

കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പാറമേക്കാവിൻ്റെ എഴുന്നള്ളത്ത്. ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെയുള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുംനാഥന് മുന്നിലേക്കെത്തുക. വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here