സെല്‍ഫിക്ക് കൈയുയര്‍ത്തുംമുമ്പ് ചുറ്റിനും നോക്കാന്‍ പഠിക്കാം

0

മനോനിലതെറ്റിയ ആദിവാസി യുവാവിനെ മോഷ്ടാവെന്നാരോപിച്ച് തല്ലിക്കൊല്ലുന്ന കേരളം. കറുത്ത ദളിതന്റെ മൃതദേഹം എറണാകുളത്തപ്പന് അതൃപ്തിയുണ്ടാക്കുമെന്ന് പറഞ്ഞ് പുറന്തള്ളുന്ന കേരളം. മനോനില തെറ്റിയ യുവതിയെ കൂട്ടുചേര്‍ന്ന് മര്‍ദ്ദിച്ചവശയാക്കി, ചട്ടുകം പഴുപ്പിച്ച് കാല്‍ പൊള്ളിച്ച് ‘മരണം’ ടെസ്റ്റ് ചെയ്യുന്ന വിചിത്രാചാരമുള്ള നാട്. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച അവസ്ഥയില്‍നിന്ന് എത്രയോ മുന്നോട്ടുപോയെന്ന് ഊറ്റംകൊള്ളുമ്പോഴും, ഇന്ത്യയിലെ നമ്പര്‍ 1 സംസ്ഥാനമെന്ന അവകാശവാദം ഉയര്‍ത്തുമ്പോഴും വിവേകാനന്ദന്റെ വാക്കുകള്‍ മുഴങ്ങുന്നുണ്ട് നമ്മുക്ക് ചുറ്റും.

ശ്രീനാരായണ ഗുരുദേവനടക്കമുള്ള എണ്ണമറ്റ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും രാഷ്ട്രീയ സാംസ്‌കാരിക പോരാട്ടങ്ങളുടെയും ശ്രമഫലമായി നേടിയെടുത്ത എല്ലാമുന്നേറ്റങ്ങളും പഴങ്കഥയാകുംവിധം കേരളസമൂഹം തിരിച്ചുനടക്കുന്നതെന്തുകൊണ്ടാണ്? മനോനിലതെറ്റിയത്, സാംസ്‌കാരികമായും സാമൂഹികമായും സ്വയം ഒന്നാം നമ്പര്‍ പതിച്ച കേരളത്തിനാണെന്നതില്‍ സംശയം വേണ്ട.

അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്‍ മല്ലി ദമ്പതികളുടെ മകനായിരുന്നു മധു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരെയും ശല്യപ്പെടുത്താതെ വിശക്കുമ്പോള്‍ മാത്രം കൈനീട്ടിച്ചിരിച്ചു നടന്നൊരു മനുഷ്യന്‍. കടത്തിണ്ണയിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെ മാറിമാറിപ്പാര്‍ത്ത മധു. എന്തുസംഭവിക്കുന്നുവെന്നതറിയാതെ ചുറ്റിനും കൂടിയ ആള്‍ക്കൂട്ടത്തെ മാറിമാറി നോക്കുന്ന മധുവിന്റെ രൂപം, എക്കാലത്തും നമ്മുക്ക് മുന്നില്‍ കൈകള്‍ കൂട്ടിക്കെട്ടി നില്‍പ്പുണ്ടാവും.

നവമാധ്യമങ്ങളില്‍ സ്വന്തം പടത്തിന് വീഴുന്ന ലൈക്കെണ്ണി തൃപ്തിയടയുന്നവരുടെ കാലമാണ്. കണ്ണിറുക്കുന്ന പെണ്ണിനെ, ‘ഗണ്‍’മുത്തമെറിയുന്ന പെണ്ണിനെ മാത്രം കാണുന്ന ലോകം. കവിതചൊല്ലിയും ഫെയ്‌സ്ബുക്ക് കുറിപ്പെഴുതിയും പ്രസ്ഥാവനകളിറക്കിയും നമ്മള്‍ പ്രതിഷേധിക്കുന്നു. മനുഷ്യത്വമെന്നത് മരവിച്ചുപോവാതെ കാക്കാന്‍ അത്രയെങ്കിലും ചെയ്യുന്നത് നല്ല കാര്യം. എങ്കിലും ഭ്രാന്തുപിടിച്ച കേരളത്തെ നോക്കി നില്‍പ്പുണ്ടിവിടെ അവന്‍.

ആദിവാസിയെയും അവന്റെ ദാരിദ്രത്തെയും പട്ടിണിമരണത്തെയും ‘അന്നമായി’ കാണുന്ന അധികാരഉദ്യോഗസ്ഥ വ്യവസ്ഥിതിയുണ്ടിവിടെ. സ്വാതന്ത്ര്യം ലഭിച്ചിട്ടിന്നോളം ആദിവാസികളുടെപേരില്‍ കട്ടുമുടിച്ച കോടികളുടെ കണക്കുണ്ടിവിടെ. എങ്ങുമെത്താത്ത നൂറായിരം പദ്ധതികളുണ്ടിവിടെ. ജനകീയ പ്രതിഷേധവും മാധ്യമ ജാഗ്രതയും വേണ്ടത് ഇനി വേണ്ടത് ഈ വിഷയത്തിലാണ്.

മന്ത്രിമാരും പ്രതിപക്ഷവും ജനപ്രതിനിധികളും പ്രതിഷേധക്കുറിപ്പിറക്കിക്കഴിഞ്ഞു. പ്രസ്ഥാനവനകളുടെ പ്രളയമാണ്. കാട്ടുമക്കളുടെപേരില്‍ ഇത്രയുംകാലം കാട്ടുനീതി മാത്രം നടപ്പാക്കിയവരാണ് നിലവിളിക്കുന്നതെന്നോര്‍ക്കണം. ‘അട്ടപ്പാടിയില്‍ ചത്തത് അഞ്ചെണ്ണം’ എന്ന് ഉളുപ്പില്ലാതെ നിയമസഭയില്‍ മന്ത്രിക്കുന്ന ആദിവാസിക്ഷേമ മന്ത്രിയുള്ള നാടാണിത്. പ്രതിപക്ഷമെന്നൊരു കൂട്ടം മറുവശത്തിരിപ്പുണ്ട്. മിണ്ടിയില്ല, ഒരുവട്ടം പോലും ‘ചത്തത് അഞ്ചെണ്ണം’ എന്ന മനുഷ്യപ്പറ്റില്ലാത്ത പ്രഖ്യാപനംകേട്ടിട്ടും. കാരണം അവരെ മനുഷ്യരായിപോലും കണ്ടിട്ടില്ലിതുവരെ ഒരു ഭരണവര്‍ഗ്ഗവും.

ഇടതുപക്ഷമെന്ന മേനിയില്‍ തമ്പുരാന്‍ ചമഞ്ഞിരുന്ന് ഞങ്ങള്‍ പാവങ്ങളുടെ പാര്‍ട്ടിയെന്ന് ആയിരംവട്ടം സ്വയംപറഞ്ഞ് വിശ്വസിച്ചാലും, ടാര്‍പോളിനില്‍ കെട്ടിപ്പൊതിഞ്ഞ് കിടത്തിയ മധുവിന്റെ മൃതദേഹം സംസാരിച്ചുകൊണ്ടിരിക്കും. കോടികള്‍മുക്കി മുങ്ങിയ കോട്ടിട്ട സുന്ദരന്‍മാരുടെ മുന്നില്‍ 2 കിലോ അരിയും ഒരു പാക്കറ്റ് മഞ്ഞള്‍പൊടിയും നീട്ടി മധു ചിരിച്ചുകൊണ്ടുതന്നെ നില്‍ക്കും.

ജാതിവാലുകളും മതചിഹ്നവുംപേറി മറുവശത്ത് സംഘടിക്കുന്നവര്‍ക്ക് പിന്നില്‍ വാലുംചുരുട്ടി നില്‍ക്കുന്ന ജനപ്രതിനിധികളാണ് കേരളത്തെ നൂറുകൊല്ലം പിന്നോട്ടടിക്കുന്നത്. വോട്ടുതട്ടണം, കസേരകിട്ടണം എന്ന ഒറ്റലക്ഷ്യത്തിലൊതുങ്ങുന്ന നട്ടെല്ലില്ലാത്ത രാഷ്ട്രീയമാണ് കേരളത്തെ പിന്നിലേക്ക് നയിക്കുന്നത്. ‘മുടി’യെ ബോഡിവേസ്റ്റ് എന്ന് ഉറക്കെ പ്രഖ്യാപിച്ചൊരാളാണ് ഇന്ന് മുഖ്യമന്ത്രിക്കസേരയില്‍. അന്നുകൈയടിച്ചാഹ്ലാദിച്ചവരാണ് നിഷ്പക്ഷ മലയാളികള്‍.

മഞ്ഞപ്പട്ടണിഞ്ഞ് ജാതിമാത്രം പറയണമെന്ന് ഉദ്‌ഘോഷിക്കുന്ന സംഘടനയ്ക്ക് കോട്ടയത്തൊരു മല, ജാതിവാലുള്ള ‘പോപ്പി’ന്റെ സംഘടനയ്ക്ക് മറ്റൊരു മല, സ്വന്തം സഭയ്ക്ക് 3 മല എന്നിങ്ങനെ സര്‍ക്കാര്‍ഭൂമി പതിച്ചു നല്‍കിയ സര്‍ക്കാരിന് നേതൃത്വം നല്‍കിയ പൂര്‍വ്വമാതൃകയുണ്ടിവിടെ. കേരളത്തെ ബോധപൂര്‍വ്വം പിന്നോട്ടുനടത്തിക്കാന്‍ ശ്രമിക്കുന്നത് ഇത്തരം രാഷ്ട്രീയനേതൃത്വമാണ്.

മിണ്ടാതെ നിന്ന് സര്‍ക്കാര്‍ കനിഞ്ഞുനല്‍കുന്ന സ്ഥാനമാനങ്ങളില്‍ നോട്ടമെറിയുന്ന സാംസ്‌കാരിക നായകന്‍മാരും ബുദ്ധിജീവികളുമുണ്ട്. നാലുകെട്ടിനുള്ളില്‍ അടുക്കിക്കെട്ടി സൂക്ഷിച്ച നോട്ടുകൂമ്പാരം ചാരമായതില്‍ വിലപിച്ച ഈ ‘പ്രമുഖര്‍’ കണ്ണടയ്ക്കുമ്പോഴാണ് കേരളം ഭ്രാന്താലയമാകുന്നത്. നേരിന്റെ പാതയില്‍ ജനം സഞ്ചരിക്കണമെങ്കില്‍ ആദ്യം ഇക്കൂട്ടര്‍ സ്വയംതിരിച്ചറിവിന്റെ പാതയിലാകണം. ഒരു വരി പ്രതിഷേധക്കുറിപ്പെഴുതി ‘മധു’വിനെ യാത്രയാക്കി നമ്മള്‍. വീണ്ടും സെല്‍ഫിയെടുക്കാന്‍ കൈയുയര്‍ത്തുമ്പോള്‍ ഒന്നു ചുറ്റിനും നോക്കാന്‍ പഠിക്കണം. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിച്ചവരെ തിരിച്ചറിയാന്‍ പഠിക്കണം.

Also Read

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here