ഗോത്രത്തനിമയിൽ കല്യാണക്കുറിയും സേവ് ദി ഡേറ്റും!, വൈറൽ

കല്‍പ്പറ്റ: ‘ ആണെ ഏക്കും ഉറട്ടിനെ കിട്ടുത്ത…
പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ചു ഒപ്പിച്ചു
ഈ വഞ്ച ഫെബ്രുവരി മാസ നാല്ക്കു കല്യാണ…
ഇവെ ഒരു അറിയിപ്പായി എടുത്തു ഒക്കളും വന്തൊയി മക്കളെ…
അങ്കെനത്ത കൊറോണെ പൊ ഉളോ…

വയനാട്ടിലെ പണിയ സമുദായ അംഗങ്ങളായ മണികണ്ഠന്‍-ഗ്രീഷ്മ എന്നിവരുടെ കല്ല്യാണക്കുറി മാത്രമല്ല, സേവ് ദി ഡേറ്റ് ചിത്രങ്ങളും തനി ഗോത്രത്തനിമയിലാണ് ചെയ്തിട്ടുള്ളത്. ചിത്രങ്ങളും കുറിപ്പും ഫേസ്ബുകില്‍ ഇപ്പോള്‍ വൈറലാണ്. വരുന്ന വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. പരമ്പരാഗത പണിയ വേഷത്തോടെയുള്ള ചിത്രങ്ങളാണ് മണികണ്ഠനും ഗ്രീഷ്മയും സേവ് ദി ഡേറ്റിനായി എടുത്തത്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം പാരമ്പര്യത്തോടൊപ്പം ന്യൂജന്‍ ആക്കുകയും ചെയ്തിരിക്കുകയാണ് ഇരുവരും.

എംബിഎ ബിരുദ്ധധാരിയായ മണികണ്ഠന്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗോത്രമിഷന്റെ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. നഴ്‌സിങ്ങ് കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ഗ്രീഷ്മക്ക് ജോലിയായിട്ടില്ല. വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ ചടങ്ങുകളില്‍ ഗോത്രത്തനിമ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നതായി മണികണ്ഠന്‍ പറഞ്ഞു. പൊതുസമൂഹത്തില്‍ നിന്ന് വേര്‍ത്തിരിവ് അനുഭവിക്കുന്ന ജനത എന്ന നിലയില്‍ സ്വത്വം ഉള്‍ക്കൊള്ളിക്കുന്നതായിരിക്കണം സേവ് ദി ഡേറ്റ് ചിത്രങ്ങളെന്ന് നിര്‍ബന്ധമുണ്ടായിരുന്നതായി മണികണ്ഠന്‍ പറഞ്ഞു.

വയനാട്ടില്‍ 37 ആദിവാസി വിഭാഗങ്ങളാണ് പ്രധാനമായും ഉള്ളത്. ഇവരില്‍ ജനസംഖ്യയില്‍ ഏറ്റവും വലുതാണ് പണിയ വിഭാഗം. എന്നാല്‍ ഇന്നും വലിയ പുരോഗതിയൊന്നും ഈ സമൂഹത്തിനുണ്ടാട്ടില്ലെന്ന് മാത്രമല്ല, വിദ്യാഭ്യാസമ്പന്നരായ യുവാക്കള്‍ക്ക് പോലും സ്വന്തം സ്വത്വ പ്രകാശനത്തില്‍ ബുദ്ധിമുട്ടുള്ളതായി നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങള്‍ തങ്ങളോട് കാണിച്ചിരുന്ന അവജ്ഞയോ അവഗണനയോ അറിഞ്ഞോ അറിയാതെയോ പണിയ വിഭാഗത്തിലെ തന്നെ വിദ്യാസമ്പന്നര്‍ സ്വന്തം സമുദായത്തോടും കാണിക്കുന്നു. വിദ്യാസമ്പന്നരാകുന്നതോടെ ഉപേക്ഷിക്കപ്പെടേണ്ടതാണ് ഗോത്ര സ്വത്വമെന്ന ബോധ്യത്തിനെതിരെ കൂടിയാണ് തന്റെ വേറിട്ട കല്ല്യാണക്കുറിയും ഫോട്ടോഷൂട്ടുമെന്ന് ഈ യുവാവ് ചൂണ്ടിക്കാട്ടി.

വിവാഹം തീരുമാനിച്ചപ്പോള്‍ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ശരണ്യയാണ് ഗോത്രജീവിതം അടിസ്ഥാനമാക്കി സേവ് ദി ഡേറ്റ് ചിത്രത്തെ കുറിച്ച് ആദ്യം പറയുന്നത്. ശരണ്യതന്നെ വന്ന് ചിത്രങ്ങളെടുത്ത് തരാമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഫോട്ടോ ഗ്രാഫറെ വെച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. സുഹൃത്തും സിവില്‍ പോലീസ് ഓഫീസറുമായ അഖിലേഷ് ആണ് ചിത്രങ്ങളെടുത്തത്

വിവാഹ ചടങ്ങിലും പ്രത്യേകതകളുണ്ട്. പണിയ വിഭാഗത്തിനിടെയില്‍ സ്ത്രീധനമില്ല. പകരം, വിവാഹ ദിവസം പെണ്‍കുട്ടിയുടെ വിട്ടുകാര്‍ക്ക് വിവാഹത്തിന് എന്ത് ചെലവാകും എന്നതിനെ കുറിച്ച് വീട്ടുകാര്‍ ആലോചിക്കും. വിവാഹ ദിവസം ഈ തുക വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെ ഏല്‍പ്പിക്കും. സ്ത്രീധനത്തിന് പകരം ഇവിടെ പുരുഷധനം എന്ന രീതിയിലാണ് കാര്യങ്ങള്‍. കെട്ട് കല്ല്യാണമാണ് വ്യാഴാഴ്ച നടക്കുക. യാണ് ഞങ്ങളുടെ കെട്ട് കല്യാണം. തിങ്കളാഴ്ച ഗോത്രാചാരപ്രകരം നടക്കുന്ന വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here