കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിര്‍ദേശം സമസ്ത തള്ളി. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കും. മുഖ്യമന്ത്രിയുടെ പ്രതിനിധിയായിട്ട് എളമരം കരീം എം.പിയും സമസ്ത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. പരിഹാരമാര്‍ഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. അതില്ലെങ്കില്‍ പ്രതിഷേധത്തിന് മുന്നില്‍ സമസ്ത ഉണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

പള്ളികളില്‍ ഒരു പ്രതിഷേധവുമുണ്ടാകില്ല. പള്ളി അല്ലാത്ത ഇടങ്ങളില്‍ ഉത്ബോധനം നടത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വഖഫ് മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ ജിഫ്രി തങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി. വി.അബ്ദുറഹ്‌മാന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here