കാണുന്നത് എഴുപതു രൂപാ കുംഭകോണം മെനഞ്ഞ മാധ്യമങ്ങളുടെ ഇരട്ടമുഖമെന്ന് ഐസക്

പ്രളയകാലത്ത് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ നാട്ടുകാരില്‍നിന്ന് പണംപിരിച്ചൂവെന്ന് ആരോപിച്ച് വാര്‍ത്തകള്‍ വന്നതോടെ അധിക്ഷേപത്തിനിരയായ ഓമനക്കുട്ടനെന്ന പാര്‍ട്ടിപ്രവര്‍ത്തകനെ ആരും മറന്നുകാണില്ല. സര്‍ക്കാര്‍ തിടുക്കത്തില്‍ കേസെടുക്കുകയും അന്വേഷണത്തില്‍ ഓമനക്കുട്ടന്റെ നിരപരാധിത്വം വെളിപ്പെടുകയും ചെയ്തു. ജില്ലാ കലക്ടറടക്കം ഓമനക്കുട്ടനോടു മാപ്പുപറഞ്ഞ സംഭവം വ്യാജ വാര്‍ത്ത ചമച്ച മാധ്യമങ്ങള്‍ക്ക് നാണക്കേടുമായി.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓമനക്കുട്ടന്റെ മകള്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയതോടെ കഥമാറി. മാധ്യങ്ങള്‍ ഓമനക്കുട്ടനെയും കുടുംബത്തെയും അഭിനന്ദിച്ചു. പക്ഷേ, പ്രളയകാലത്ത് ഓമനക്കുട്ടനെതിരേ സൃഷ്ടിച്ച വ്യാജവാര്‍ത്ത മറ്റാരുടേയോ സൃഷ്ടി എന്നമട്ടില്‍ തലക്കെട്ടിട്ടാണ് മകളുടെ നേട്ടത്തെക്കുറിച്ച് എഴുതിയത്.

മാധ്യമങ്ങളുടെ ഇരട്ടമുഖത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി.

”മാധ്യമപ്രവര്‍ത്തനത്തിന്റെ രണ്ടു മുഖങ്ങള്‍ കാണുകയാണ് സ.ഓമനക്കുട്ടനും കുടുംബവും. ഒരെഴുപതു രൂപാ കുംഭകോണം മെനഞ്ഞ് ഈ സഖാവിന്റെ ചോര വീഴ്ത്താന്‍ തുനിഞ്ഞിറങ്ങിയ അതേ മാധ്യമങ്ങളാണ് ഇന്ന് സുകൃതിയുടെ നേട്ടം കൊണ്ടാടുന്നത്. തമാശയെന്തെന്നു വെച്ചാല്‍, അന്ന് ഓമനക്കുട്ടനെ വേട്ടയാടാനിറങ്ങിയവര്‍ക്ക് ചെറിയ തോതില്‍ അംനേഷ്യ ബാധിച്ചോ എന്നൊരു സംശയം. മറ്റാരോ ചെയ്ത കൃത്യമാണെന്ന മട്ടിലാണ് വാര്‍ത്ത. ‘അന്ന് കല്ലെറിഞ്ഞവര്‍ അറിയുക’ എന്ന ടിപ്പണിയില്‍ ഒരു തലക്കെട്ടും കണ്ടു. ആ തലക്കെട്ടെഴുതിയ സബ് എഡിറ്ററോടു പറയട്ടെ, ‘അനിയാ, നിങ്ങളുടെ ഡെസ്‌കില്‍ നിന്നാണല്ലോ ആ കല്ലുകള്‍ പറന്നത്”

  • ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്ന് ഓമനക്കുട്ടനും കുടുംബത്തിനും ആശംസകളും അഭിനന്ദനവും നിറയുകയാണ്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ: വികെ പ്രശാന്തടക്കം വിവിധ നേതാക്കള്‍ നേരിട്ടും ഫോണിലൂടെയും അഭിനന്ദനം ചൊരിഞ്ഞു.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആലപ്പുഴ എത്തിയാലുടന്‍ നേരില്‍ കാണും. പരാധീനതകളില്‍ പതറാതെ, സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ ആ മിടുമിടുക്കിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക? എന്തു സമ്മാനം കൊടുത്താലാണ് ആ പ്രയത്‌നത്തിനുള്ള അംഗീകാരമാവുക?

സുകൃതി ഇന്ന് സഖാക്കളുടെയും നാടിന്റെയും മകളാണ്. ആ ചെറിയ വീട്ടിലേയ്ക്ക് ഒരുപാടുപേരുടെ അനുമോദനങ്ങള്‍ ഒഴുകി നിറയുന്നു. ഫേസ് ബുക്ക് സ്ട്രീമിലാകെ സഖാക്കളുടെ അഭിനന്ദനങ്ങള്‍. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടുമുടിയിലാണ് ഓമനക്കുട്ടന്റെ കുടുംബവും സഖാക്കളും.

മാധ്യമപ്രവര്‍ത്തനത്തിന്റെ രണ്ടു മുഖങ്ങള്‍ കാണുകയാണ് സ.ഓമനക്കുട്ടനും കുടുംബവും. ഒരെഴുപതു രൂപാ കുംഭകോണം മെനഞ്ഞ് ഈ സഖാവിന്റെ ചോര വീഴ്ത്താന്‍ തുനിഞ്ഞിറങ്ങിയ അതേ മാധ്യമങ്ങളാണ് ഇന്ന് സുകൃതിയുടെ നേട്ടം കൊണ്ടാടുന്നത്.

തമാശയെന്തെന്നു വെച്ചാല്‍, അന്ന് ഓമനക്കുട്ടനെ വേട്ടയാടാനിറങ്ങിയവര്‍ക്ക് ചെറിയ തോതില്‍ അംനേഷ്യ ബാധിച്ചോ എന്നൊരു സംശയം. മറ്റാരോ ചെയ്ത കൃത്യമാണെന്ന മട്ടിലാണ് വാര്‍ത്ത. ‘അന്ന് കല്ലെറിഞ്ഞവര്‍ അറിയുക’ എന്ന ടിപ്പണിയില്‍ ഒരു തലക്കെട്ടും കണ്ടു. ആ തലക്കെട്ടെഴുതിയ സബ് എഡിറ്ററോടു പറയട്ടെ, ‘അനിയാ, നിങ്ങളുടെ ഡെസ്‌കില്‍ നിന്നാണല്ലോ ആ കല്ലുകള്‍ പറന്നത്’.

ഇല്ലാത്ത കഥയുടെ പേരില്‍ പൊടുന്നനെ വിവാദനായകനാകുമ്പോള്‍ ആരുമൊന്നു ഭയക്കും. പക്ഷേ, അന്നും സഖാവ് ഓമനക്കുട്ടന്‍ ഭയന്നില്ല. സര്‍ക്കാര്‍ കേസു പിന്‍വലിച്ചപ്പോഴും റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറുമടക്കമുള്ളവര്‍ ക്ഷമ പറഞ്ഞപ്പോഴും നിസംഗഭാവത്തിലായിരുന്നു ആ സഖാവ്. ഇന്നവര്‍ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു മുഹൂര്‍ത്തം സൃഷ്ടിക്കുന്ന ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്. നിറഞ്ഞ മനസോടെ ആ സന്തോഷത്തില്‍ പങ്കുചേരുന്നു. സുകൃതി മോള്‍ക്ക് അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here