പത്തനംതിട്ട : ശബരിമലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍. ഇതുവരെ കൊവിഡ് പോസിറ്റീവ് ആയത് 286 പേര്‍ക്കാണ്. അതില്‍ തന്നെ 235 പേരും ശബരിമലയിലേക്ക് ഡ്യൂട്ടിക്കെത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. പോലീസ് സേനയിലെ 133 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. ദിവസേന പതിനഞ്ചിനും ഇരുപതിനും ഇടയ്ക്ക് ജീവനക്കാരാണ് രോഗികളായി കൊണ്ടിരിക്കുന്നത്.

ഇനിയും നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരുപക്ഷേ വലിയൊരു വിപത്തിനു തന്നെ വഴിതെളിക്കാവുന്ന ഒരു സാഹചര്യമാണ് ശബരിമലയില്‍ നിലവിലുള്ളതെന്നും ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തുന്നു. കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ട് ജോലിക്ക് എത്തുന്നവര്‍ അഞ്ചു ദിവസം കഴിയുമ്ബോള്‍ പോസിറ്റീവ് ആയി മാറുന്നത് ശബരിമലയിലെ സൂപ്പര്‍ സ്പ്രെഡ് ആണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഗവണ്‍മെന്റ് അടിയന്തരമായി ഇടപെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കെ ജി എം ഒ എ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി. ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം അറിയിക്കുകയുണ്ടായത്. നിലവിലെ രീതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിക്കുന്നത് തുടരുന്നതാണ്. ശബരിമലയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് കൂടുതല്‍ പേരെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണമായിരിക്കുന്നത്.

നിലവില്‍ സാധാരണ ദിനങ്ങളില്‍ രണ്ടായിരവും ആഴ്ചയുടെ അവസാന ദിനങ്ങളില്‍ മൂവായിരവും തീര്‍ത്ഥാടകര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു.  കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here