ശബരിമല വിഷയത്തില്‍ പ്രേമചന്ദ്രന്‍ ഗോള്‍ അടിക്കുന്നു; ഇടത് സെല്‍ഫ്‌ഗോളും

0

ശബരിമല വിശ്വാസസംരക്ഷത്തിനായുള്ള കൊല്ലം എം.പി: എന്‍.കെ.പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ അവതരണം 21ന് ലോക്‌സഭയിലെത്തുമ്പോള്‍ വിശ്വാസികളുടെ വിശ്വാസം വീണ്ടും കോണ്‍ഗ്രസിന് നേട്ടമാകുമെന്ന വേവലാതിയില്‍ ഇടതുനേതാക്കള്‍. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രേമചന്ദ്രന്റെ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയതുതന്നെ ഇതിനുതെളിവാണ്.

ലോക്‌സഭയില്‍ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണ് പ്രേമചന്ദ്രന്റേത്. യുവതീപ്രവേശം അനുവദിച്ച കോടതിവിധി മറികടക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2018 സെപ്തംബര്‍ 1ന് നിലവിലിരുന്ന മതപരവും ആചാരപരവുമായ രീതികള്‍ തുടരുകയെന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ബി.ജെ.പിയെയും ഞെട്ടിച്ച അപ്രതീക്ഷിതമായ നീക്കമായിരുന്നു പ്രേമചന്ദ്രന്റേത്.

കോടതിവിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മ്മാണത്തിനു സാധ്യതയുണ്ടോയെന്ന സംശയം ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉന്നയിച്ചിരുന്നു. നിയമമന്ത്രാലയം ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയത്തിലെ ആദ്യനീക്കം പ്രേമചന്ദ്രന്റെ ഭാഗത്തുനിന്ന് വന്നതിനാല്‍ വിശ്വസികളുടെ വിശ്വാസം ഇത്തവണയും കോണ്‍ഗ്രസിനൊപ്പം തന്നെനില്‍ക്കുമെന്നുറപ്പാണ്.

ഇടതുമുന്നണിക്കാകട്ടെ ഇപ്പോള്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോഡി തന്നെ അതുനടപ്പാക്കട്ടെ എന്ന നിലപാടിലാണ്. ദേവസ്വംമന്ത്രി ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തു. പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ നിയമപരിരക്ഷ ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്നുമാണ് കടകംപള്ളി പറഞ്ഞത്. അല്ലെങ്കില്‍ മറ്റ് സ്വകാര്യബില്ലുകളുടെ അവസ്ഥതന്നെയാകും ശബരിമലയിലേതെന്നും അദ്ദേഹം പറഞ്ഞു.

എന്തുസംഭവിച്ചാലും ശബരിമലയിലെ വിശ്വാസസംരക്ഷത്തിലെ ആദ്യനീക്കം നടത്തി ഗോളടിക്കുന്നത് പ്രേമചന്ദ്രനാണ്. ഇത് കേരളത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരായ നിലപാടാണ് എന്‍.എസ്.എസ്. നേതൃത്വം സ്വീകരിച്ചത്. അന്ന് അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാലിന്ന് ശബരിമലയിലെ വിശ്വാസസംരക്ഷണമെന്നത് എന്‍.എസ്.എസ്. നിലപാടാണ്. ഇക്കാര്യത്തില്‍ പ്രേമചന്ദ്രന്റെ ഇടപെടല്‍ എന്‍.എസ്.എസ്. പിന്തുണ എക്കാലത്തും ഉറപ്പാക്കുന്ന നിലയിലാണ്.

ബി.ജെ.പി. മനസുള്ളയാള്‍ എന്ന പ്രചരണമാണ് ഇത്തവണ കൊല്ലത്ത് പ്രേമചന്ദ്രനെതിരേ ഇടതുമുന്നണി പയറ്റിയത്. അതുഅമ്പേ പരാജയപ്പെട്ടതോടെ വിശ്വാസികളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇടതുമുന്നണി വീണ്ടും പ്രേമചന്ദ്രനെതിരേ നടത്തുന്ന നീക്കം സെല്‍ഫ്‌ഗോളാകുമെന്ന് രഹസ്യമായി പറയുന്ന ഇടതുനേതാക്കളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here