ലോക്ക്ഡൗൺ കാലത്ത് ഓൺലൈനായി വിവാഹങ്ങൾ വരെ നടന്നു. അപ്പോൾ വിവാഹവും വിവാഹ സമ്മാനങ്ങളുമൊക്കെ ഡിജിറ്റലായാൽ എന്താണ്. ഇതുതന്നെയാണ് മധുരൈയിലുള്ള വധൂവരന്മാരും ചെയ്തത്. വിവാഹത്തിന് ക്ഷണിച്ച അതിഥികൾ വിവാഹ സമ്മാനവും പൊതിഞ്ഞ് കയ്യിൽ പിടിച്ച് ചടങ്ങിന് വന്നു ബുദ്ധിമുട്ടേണ്ട, പകരം സമ്മാനം പണമായി നൽകിയാൽ മതി. അതും നേരിട്ട് തരേണ്ടതില്ല, ഡിജിറ്റൽ പേമെന്റ് തന്നെ മതി. വിവാഹക്ഷണക്കത്തിൽ വരെ നൂതന ആശയങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് പുതിയൊരു മാതൃക മധുരൈയിലെ വധൂവരന്മാർ കൊണ്ടുവന്നിരിക്കുന്നത്. വിവാഹ സമ്മാനമായി പണം നൽകാൻ കത്തിൽ ക്യൂആർ കോഡു കൂടി പ്രിന്റ് ചെയ്തു വെച്ചു.
ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂ ആർ കോഡാണ് വിവാഹകത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് വരുന്നവർ പണത്തിനായി കവർ അന്വേഷിച്ച് നടക്കേണ്ട, കോവിഡ് കാലത്ത് സാമൂഹിക അകലവും ഉറപ്പു വരുത്താം!ക്യൂആർ കോഡ് പ്രിന്റ് ചെയ്ത വിവാഹക്ഷണക്കത്ത് ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. വിവാഹത്തിന് ക്ഷണിച്ചവരിൽ മുപ്പതോളം പേർ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ആദ്യമായാണ് തങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നതെന്നും അമ്മ പറയുന്നു.
ഞായറാഴ്ച്ചയായിരുന്നു വിവാഹം. ക്ഷണക്കത്ത് വൈറലായതിന് പിന്നാലെ ഇതിനകം നിരവധി ഫോൺ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി വധുവിന്റെ അമ്മ പറയുന്നു.
വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കൾക്ക് വ്യത്യസ്ത രീതിയിൽ വിരുന്നു നൽകിയ വാർത്തയും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് കാരണം അടുത്ത ബന്ധുക്കളിൽ പലരും ഓൺലൈനായിട്ടാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നേരിട്ട് എത്താൻ പറ്റാതിരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകിയ വിരുന്നായിരുന്നു വ്യത്യസ്തമായത്.