നിത്യഹരിത നായകന്റെ ഓര്‍മ്മകളുടെ പടയോട്ടം

0
3

1989 ജനുവരി 16. മലയാള സിനിമയിലെ ഒരു യുഗത്തിന് അന്ത്യംകുറിച്ച് പ്രിയതാരം പ്രേംനസീര്‍ വിടചൊല്ലിയത് അന്നാണ്. അഭ്രപാളിയിലെ നിത്യഹരിത പ്രണയനായകനായി ഇന്നും മലയാളിമനസില്‍ നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 29 വയസ്.

1950 കളില്‍ സിനിമയിലെത്തിയ അദ്ദേഹത്തിന്റെ പ്രഭാവം 1980 കളിലും തുടര്‍ന്നു. 725 സിനിമകളില്‍ പ്രേംനസീര്‍ നായകനായി. 130 എണ്ണത്തില്‍ നടി ഷീലയായിരുന്നു നായിക. ഇതിന്റെ പേരിലുള്ള ഗിന്നസ് റെക്കോര്‍ഡും ആരും മറികടന്നിട്ടില്ല. അഞ്ചാംപനി പിടിപെട്ട് 63ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

ചിറയിന്‍കീഴായിരുന്നു നസീന്റെ ജന്‍മദേശം. പുളിമൂട്ടിലെ ഇരുനിലവീട് ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരിക്കുകയാണെങ്കിലും ആരാധകരിപ്പോഴും ഇവിടെ വരാറുണ്ട്. ജന്‍മനാട്ടില്‍ ഈ അതുല്യനടന് സ്മാരകമൊരുക്കാന്‍ സാംസ്‌കാരിക വകുപ്പിനോ ചലച്ചിത്രസംഘടനകള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാരംഗം അടക്കിവാഴുന്ന പ്രമുഖതാരങ്ങള്‍ പോലും ഇന്നും ഇതേപ്പറ്റി ഒരക്ഷരം ഉരിയാടിയിട്ടുമില്ല.

മലയാളത്തിലെ സൂപ്പര്‍ മെഗാ താരങ്ങളടക്കം പിച്ചവച്ചുതുടങ്ങിയ 1980 കാലഘട്ടത്തില്‍ നിരവധി ചിത്രങ്ങളില്‍ അവര്‍ നസീറിനോടൊപ്പം അഭിനയിച്ചിട്ടുമുണ്ട്. പുതുമുഖങ്ങള്‍ അഭ്രപാളി കൈയടക്കുമ്പോഴും പ്രേംനസീര്‍ അവര്‍ക്കൊപ്പം പകര്‍ന്നാടി. 1982 ല്‍ റിലീസായ ‘പടയോട്ടം’ പ്രേംനസീറിന്റെ അഭിനയ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ചിത്രം കൂടിയായിരുന്നു. ഇന്ത്യയിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടത്തില്‍ ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.  മമ്മൂട്ടിയുടെ മകനായി വേഷമിട്ടത് മോഹന്‍ലാലും. പടയോട്ടത്തിനുവേണ്ടി കാവാലം നാരായണപ്പണിക്കര്‍ എഴുതിയ ‘താ തെയ്യത്തോം’, ‘നിരത്തി ഓരോ കരുക്കള്‍’, ‘ആഴിക്കങ്ങേക്കരയുണ്ടോ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ മനസില്‍ അലയടിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here