തിരുവല്ല: മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) അന്തരിച്ചു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത.

2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. ആലുവ യു.സി.കോളേജ്, ബാഗ്ലുർ യൂണിയൻ തിയോളജിക്കൽ കോളേജ് എന്നിവടങ്ങളിൽ പഠനത്തിനു ശേഷം കർണ്ണാടകയിലെ അങ്കോളയില്‍ മിഷൻ പ്രവർത്തനം.

1944ൽ ശെമ്മാശ്ശു–കശ്ശിശാ പട്ടങ്ങൾ ലഭിച്ചു.  1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍എപ്പിസ്കോപ്പയായി അഭിഷിക്തനായി. തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിന്‍ കോളേജിൽ ഉപരി പഠനം കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, ക്രൈസ്തവ സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് പദവികൾ വഹിച്ചു. ലോക സഭാ കൗൺസിലിന്റെ ഇവാൻസ്റ്റൺ ജനറൽ അസംബ്ലിയിലും രണ്ടാം വത്തിക്കാൻ  സമ്മേളനത്തിലും പങ്കെടുത്തു.

1999 മുതല്‍ 2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു. 2007ഒക്ടോബർ ഒന്നിന്സ്ഥാനമൊഴിഞ്ഞു. കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

LEAVE A REPLY

Please enter your comment!
Please enter your name here