സോഷ്യൽ മീഡിയയിൽ വിവാഹ ആലോചന നടത്തുന്നത് ഒരു പുതിയ കാര്യമല്ല. പുതിയകാലത്ത് അത് വളരെ സാധാരണമാണ്. പുതിയതായി ഒരു പഗ്ഗിനാണ് സോഷ്യൽ മീഡിയ ജീവിതപങ്കാളിയെ തിരയുന്നത്. കേരളത്തിലെ ഒരു വീട്ടിലെ ‘തികച്ചും മലയാളിയായ’ ഒരു പഗിനാണ് തകൃതിയായി ഇപ്പോൾ കല്യാണ ആലോചന നടക്കുന്നത്. തന്റെ പ്രിയപ്പെട്ട പഗിന് ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോൾ ആണ് സോഷ്യൽ മീഡിയയിൽ പരസ്യവുമായി എത്തിയത്.
ഏതായാലും കല്യാണ പരസ്യം കേറിയങ്ങ് വൈറലായി. പരസ്യത്തിലെ പഗ് പ്രത്യക്ഷപ്പെട്ടതോ തികച്ചും പരമ്പരാഗതമായ രീതിയിലാണ്. പരമ്പരാഗതമായ കസവു മുണ്ടും അതിനു ചേരുന്ന വിധത്തിലുള്ള പിങ്ക് ഷർട്ടുമാണ് പഗിന്റെ വേഷം. രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ഒരു ഫുൾ സൈസ് ഫോട്ടോയും വിളമ്പിയ സദ്യയ്ക്ക് മുമ്പിൽ ഇരിക്കുന്ന മറ്റൊരു ഫോട്ടോടയുമാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. വാഴയിലയിൽ പരമ്പരാഗത രീതിയിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.
ആരെങ്കിലും അവരുടെ മകൾക്ക് വേണ്ടി സുന്ദരനായ ഒരു മലയാളി പയ്യനെ വിവാഹത്തിനായി നോക്കുകയാണെങ്കിൽ’ – എന്ന കുറിപ്പോടെയാണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഏതായാലും, ഈ മനോഹരമായ പോസ്റ്റിനെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ മനോഹരമായ വിവാഹ ആലോചനയോട് കാര്യമായി പ്രതികരിച്ചിരിക്കുന്നത്. അങ്ങ് കശ്മീരിൽ നിന്നു വരെ കേരളത്തിൽ നിന്നുള്ള ഈ മൊഞ്ചന്‍ ആലോചന എത്തിയിട്ടുണ്ട്.