നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി, ദേവസ്വം മന്ത്രി ഉടവാള്‍ കൈമാറി

0

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായര്‍ രാവിലെ 7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം ഉടവാള്‍ കൈമാറി. ശുചീന്ദ്രം ദേവസ്വം ജോയിന്റ് കമീഷണര്‍ എം അന്‍പുമണി പിന്നാലെ മന്ത്രിയില്‍ നിന്ന് ഉടവാള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കൊട്ടാര മുറ്റത്ത് നടന്ന പൂജാ ചടങ്ങില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്മനാഭപുരം തേവാരക്കെട്ടില്‍നിന്ന് സരസ്വതിദേവി, വേളിമലയില്‍നിന്ന് കുമാരസ്വാമി, ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ വൈകിട്ട് ഇറക്കിപ്പൂജ നടത്തും. തിങ്കള്‍ രാവിലെ കുഴിത്തുറയില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിര്‍ത്തിയില്‍ കേരള പോലീസ്, ദേവസ്വം, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകിട്ട് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ ഇറക്കിപ്പൂജ നടത്തും. ഒമ്പതിന് രാവിലെ നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രിമണ്ഡപത്തില്‍ എത്തിച്ചേരും.

ആചാരപ്രകാരമുള്ള വരവേല്‍പ്പിനെതുടര്‍ന്ന് ഉടവാളിനൊപ്പം സരസ്വതീവിഗ്രഹത്തെ പത്മതീര്‍ഥക്കരയിലെ നവരാത്രിമണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 10ന് നവരാത്രിപൂജ ആരംഭിച്ച് വിജയദശമി ദിനമായ 19ന് സമാപിക്കും. പൂജയെടുപ്പിന് മറുനാള്‍ ഒരു ദിവസത്തെ നല്ലിരിപ്പിനുശേഷം 21ന് രാവിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കിയെഴുന്നള്ളത്ത് ആരംഭിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here