തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി കോവിഡ് ബാധിച്ച് മരിച്ചു. 88 വയസായിരുന്നു. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയിൽ നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

മാർത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടിലായിരുന്നു വി.വി. കൃഷ്ണവർമൻനായർ എന്ന കെ.വി. തിക്കുറിശ്ശിയുടെ ജനനം. കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കർമമേഖലയായി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്. 1957ൽ കാട്ടാക്കട ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാൽവേഷൻ ആർമി സ്കൂളിലും ജോലിചെയ്തു. 1988ൽ വിരമിച്ചു.

കേരള സാഹിത്യ അക്കാദമിയിൽ 3 തവണ അംഗമായിരുന്നു. കേരള സംഗീത നാടക അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. ‘ഭക്രാനംഗൽ’ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കന്യാകുമാരി മലയാള സമാജത്തിന്റെ ‘അക്ഷര ലോകം’ അവാർഡ്, ആറ്റുകാൽ ‘കൃഷ്ണായന പുരസ്ക്കാരം’, തിരുമല കുശക്കോഡ് മഹാദേവ പുരസ്ക്കാരം, കുണ്ടമങ്കടവ് ദേവി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കാട്ടുമുല്ല, ഒരു വാല്മീകി കൂടെ, എന്നെ ക്രുശിക്ക, സ്നേഹ സംഗീതം, പൊയ്‌മുഖങ്ങൾ, അനശ്വരനായ വയലാർ (കവിതാ സമാഹാരങ്ങൾ), ഭക്രാനംഗൽ, കാമയോഗിനി (ഖണ്ഡകാവ്യങ്ങൾ), ഭാഗവത കഥകൾ, കൃഷ്ണ കഥ (ബാലസാഹിത്യം), ശ്രീ മഹാദേവീഭാഗവതം (ഗദ്യാഖ്യാനം ), ശ്രീമഹാഭാഗവതം (സമ്പൂർണ ഗദ്യ വിവർത്തനം ), കുഞ്ചൻ നമ്പ്യാരുടെ ശിവപുരാണം (ഗദ്യം ), അതിർത്തിയിലേക്ക് ഒരു യാത്ര (യാത്രാ വിവരണം), വിക്രമാദിത്യ കഥകൾ (പുനരാഖ്യാനം), ആർ. നാരായണ പണിക്കർ (ജീവചരിത്രം), ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ (കാവ്യം ), അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് (ഗദ്യരൂപം) എന്നിവയാണ് പ്രധാന കൃതികൾ. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന 520 പുറങ്ങളുള്ള ബൃഹദ്‌ കാവ്യമാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.

ശ്രീമഹാഭാഗവതത്തിന്റെ പദാനുപദ ഗദ്യവിവർത്തനമാണ് ഒടുവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം. കേരള സാഹിത്യ അക്കാദമി, കലാമണ്ഡലം, കേരള സംഗീത അക്കാദമി എന്നിവയിൽ അംഗമായിരുന്നു. അഞ്ച് കൊല്ലം മുൻപാണ് ദേവീഭാഗവതത്തിന്റെ ഗദ്യവിവർത്തനം അദ്ദേഹം പൂർത്തിയാക്കിയത്. തുടർന്നാണ് മഹാഭാഗവതത്തിന്റെ പദാനുപദ വിവർത്തനം നടത്തിയത്.

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ശ്യാമളാദേവിയാണ് ഭാര്യ. ഡൽഹിയിൽ അധ്യാപികയായ ഹരിപ്രിയ, കാനഡയിൽ ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാമകൃഷ്ണൻ എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here