20 വർഷം മുമ്പ് 100 രൂപയ്ക്ക് വാങ്ങിയ ഹാരി പോട്ടർ പുസ്തകം; ഇന്ന് വില 30 ലക്ഷം!

20 വർഷം മുമ്പാണ് പ്രൈമറി സ്‌കൂൾ അധ്യാപിക ‘ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്സ് സ്റ്റോൺ’ എന്ന പുസ്തകത്തിന്റെ ഒരു ഹാർഡ് കോപ്പി സ്‌കൂളിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെ ഒരു പൗണ്ട് (ഏകദേശം 100 രൂപ) വില കൊടുത്ത് വാങ്ങിയത്. 1997-ൽ ഇറങ്ങിയ ആദ്യ എഡിഷൻ പുസ്തകമായിരുന്നു അത്. 2005-ൽ 44 ാമത്തെ വയസ്സിൽ സ്തനാർബുദം ബാധിച്ച് അധ്യാപിക മരണമടഞ്ഞു.

തന്റെ നാല് പെണ്മക്കൾക്കായി ആകെ കരുതിയിരുന്നത് ഹാരി പോട്ടർ പുസ്തകമം മാത്രമായിരുന്നു. വായനയുടെ സുഖം മക്കൾ ആവോളം അറിയട്ടെ എന്ന് ആ അധ്യാപിക കരുതി. എന്നാൽ, ഇരുപത് വർഷങ്ങൾ പിന്നിടുമ്പോൾ അമ്മ മക്കൾക്ക് വേണ്ടി കരുതിയ ഏറ്റവും വിലകൂടിയ സമ്മാനമായി ആ പുസ്തകം മാറിയിരിക്കുകയാണ്. പുസ്തകത്തിന്റെ കോപ്പി അപൂർവമായ ഫസ്റ്റ് എഡിഷൻ കോപ്പി ആണെന്നും അതിന് ഇപ്പോൾ ഏതാണ്ട് 30,000 പൗണ്ട്(ഏകദേശം 30 ലക്ഷം രൂപ) വില വരുമെന്നും പെണ്മക്കൾ പിന്നീടാണ് അറിഞ്ഞത്.

ഫസ്റ്റ് എഡിഷനിൽ പുസ്തകത്തിന്റെ 500 കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തത്. അതുകൊണ്ടുതന്നെ അപൂർവമായ ഈ കോപ്പിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. സമാനമായ മറ്റൊരു കോപ്പി മുമ്പ് 68,000 പൗണ്ടിനാണ് വിറ്റുപോയത് (ഏകദേശം 68 ലക്ഷം രൂപ). അധ്യാപിക മക്കൾക്ക് നൽകിയ പുസ്തകത്തിന്റെ കോപ്പി ഹാരി പോട്ടറിന്റെ ആദ്യ എഡിഷൻ ആണെന്ന് ബർട്ടൺ – അപ്പോൺ – ട്രെന്റിലെ ഒരു കൗൺസിൽ വർക്കർ ബിർമിങ്ഹാം മെയിലിനോട് സ്ഥിരീകരിച്ചിട്ടുണ്ട്

വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപിക തന്റെ വീട്ടിലെ പുസ്തകങ്ങളെല്ലാം മക്കൾ സൂക്ഷിച്ചു വെയ്ക്കുന്നുണ്ടെന്ന് അവർ എപ്പോഴും ഉറപ്പു വരുത്തിയിരുന്നു. മക്കളും തന്നെപ്പോലെ വായനയിൽ താത്പര്യം കണ്ടെത്തണമെന്ന് അവർ അതിയായി ആഗ്രഹിച്ചു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, അവരുടെ കൈയിലെ ഹാരി പോട്ടറിന്റെ കോപ്പി സ്റ്റാഫോർഡ്ഷൈറിലെ ഹാൻസൺസ് ഓക്ഷനീർസിന്റെ അടുത്തെത്തുകയും ലേലത്തിലൂടെ വലിയ തുക ആ പെൺമക്കൾക്ക് ലഭിക്കുകയും ചെയ്യും.

“അമ്മയുടെ സ്നേഹം എക്കാലത്തും നിലനിൽക്കുന്നു. അവർ മക്കൾക്ക് നൽകിയ ഈ അപ്രതീക്ഷിത സമ്മാനം സ്വർഗത്തിൽ നിന്ന് നേരിട്ടെത്തിയതാണെന്ന് തോന്നുന്നു”, ഹാൻസൺസ് ഓക്ഷനീർസിന്റെ ഉടമയായ ചാൾസ് ഹാൻസൺ പറയുന്നു.

അമ്മയുടെ മരണ ശേഷം 16 വർഷമായി പുസ്തകം അലമാരയിൽ പൊടിപിടിച്ച് ഇരിക്കുകയായിരുന്നുവെന്ന് 31 വയസുകാരിയായ മൂത്ത മകൾ ബിർമിങ്ഹാം മെയിലിനോട് പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന പണം നാല് സഹോദരിമാരും കൂടി തുല്യമായി പങ്കിട്ടെടുക്കുമെന്നും അവർ പറഞ്ഞു.

ജെ കെ റൗളിങ് എഴുതിയ ലോകപ്രസിദ്ധമായ ഹാരി പോട്ടർ സീരീസിലെ ആദ്യത്തെ പുസ്തകമാണ് ‘ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്സ് സ്റ്റോൺ’. 1997 ജൂൺ 30-നാണ് ഈ കൃതി പ്രകാശനം ചെയ്തത്. ബ്ലൂംസ്ബെറി ആയിരുന്നു പ്രസാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here