‘അശാന്തനോട് അനീതി’: സ്ഥാനമൊഴിഞ്ഞ കവിതാ ബാലകൃഷ്ണന് അഭിനന്ദന പ്രവാഹം

0

ചിത്രകാരനും ശില്‍പിയുമായിരുന്ന അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ലളിത കലാ അക്കാദമി എക്‌സിക്കുട്ടീവ് മെമ്പര്‍ സ്ഥാനമൊഴിഞ്ഞ കവിതാ ബാലകൃഷ്ണന് അഭിനന്ദന പ്രവാഹം. സര്‍ക്കാരിന്റെ നോമിനിയായി ലഭിക്കുന്ന സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങി വിമര്‍ശനം പോലും നടത്താതെ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ മൗനത്തിലായപ്പോഴാണ് കവിതാ ബാലകൃഷ്ണന്‍ ഭരണസമിതി അംഗത്വം രാജിവച്ചത്. അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചത് എറണാകുളത്തപ്പന്‍ ക്ഷേത്രഭാരവാഹികള്‍ തടഞ്ഞ സംഭവത്തില്‍ ലളിതകലാ അക്കാദമി ഭാരവാഹികളുടെ നിലപാട് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഒരേ നീതി എല്ലാവര്‍ക്കും കിട്ടുന്ന പൊതുവിടത്തിനായി സന്ധിയില്ലാത്ത പ്രവര്‍ത്തനമാണ് ഇടതുപക്ഷ ഗവണ്‍മെന്റ് ഭരിക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച ഈ ഭരണസമിതി കാഴ്ചവയ്‌ക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തിയാണ് കവിതാ ബാലകൃഷ്ണന്‍, മന്ത്രി എ.കെ. ബാലന് രാജിക്കത്ത് നല്‍കിയത്.

ദളിതനെന്നാരോപിച്ച് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം കേരളത്തെ ഞെട്ടിച്ചിട്ടും പ്രമുഖ സാംസ്‌കാരികനേതാക്കളും എഴുത്തുകാരും മൗനത്തിലാണ്. പ്രതി േഷധപ്രകടനത്തിനും മെഴുകുതിരി കത്തിക്കാനും സംഘപരിവാര്‍ അജണ്ടക്കെതിരേ ഘോരഘോര നിലപാടെടുക്കുന്ന ഭരണപ്രതിപക്ഷ യുവജന സംഘടനകളെയും കണ്ടില്ല. ഈ സാഹചര്യത്തിലാണ് കവിതയുടെ രാജിയില്‍ സോഷ്യല്‍മീഡിയായില്‍ രക്കെ അഭിനന്ദനത്തിനിടയാക്കിയത്.

തന്നില്‍ പ്രതീക്ഷ അര്‍പ്പിച്ചിച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദിപ്രകാശിപ്പിച്ച് കവിതാ ബാലകൃഷ്ണനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
കെ ജി സുബ്രഹ്മണ്യന്റെ ‘Magic of Making’ ന്റെ വിവര്‍ത്തനം പൂര്‍ത്തിനല്‍കേണ്ട ചുമതല കൂടിയുണ്ടെന്നും അതിന്റെ പണിപ്പുരയിലാണെന്നും അവര്‍ അറിയിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അക്കാദമിയിലെ നിര്‍വ്വാഹക പദവിയില്‍ നിന്നുള്ള എന്റെ രാജിയില്‍ അഭിനന്ദിച്ചവര്‍ക്കും എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കും നന്ദി.

ഒരാള്‍ കലയില്‍ ആയിരിക്കുക എന്നാല്‍ ഓരോ നിമിഷവും പുതിയ ഒരു സാധ്യതയിലൂടെ ജീവിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമം എന്നാണ് ഞാന്‍ ഗ്രഹിക്കുന്നത്. പെയിന്റിങ്ങും ശില്‍പ്പവും വീഡിയോയും മറ്റുമായി നമ്മള്‍ പുറമേ കാണുന്ന കലയ്ക്കുള്ളില്‍ ഇങ്ങനെ ഒരു ജീവന്‍ ഉണ്ടോ എന്നു നോക്കുന്നത് പ്രധാനമാണ്. അത്തരത്തിലുള്ള എല്ലാ മനുഷ്യരുടെയും കൂടെ ചരിത്രപരമായ അന്വേഷണങ്ങളോടെയും ജിജ്ഞാസയോടെയും, വ്യക്തിപരമായി ചുരുക്കിയ അജണ്ടകള്‍ ഒന്നു പോലുമില്ലാതെയും കഴിവതും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

ലളിത കലാ അക്കാദമിയില്‍ ഇരുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷം അവിടെ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ക്യാമ്പാണ്. കലയില്‍ ആയിരിക്കുന്നതിനു ശേഷിയുള്ള ഒരു പൊതു മണ്ഡലം ഏറ്റവും വികസിപ്പിക്കുക എന്ന എന്റെ ആശയത്തെ ഏറ്റവും അഭിമാനം കൊള്ളിച്ച ഒരനുഭവമാണത്. അതില്‍പ്പിന്നെ സര്‍ഗ്ഗാത്മകതയിലൂടെ മറ്റൊരു പൊതു ജീവിതം സാധ്യമാകാന്‍ തുടങ്ങിയ അവരില്‍ ചിലരേ ഇന്നലെയും അവിടെ കണ്ടു. സന്തോഷം തോന്നി.

വ്യക്തിപരമായി കലയിലെ സൗന്ദര്യബോധവും ഗുണദോഷ വിവേചനങ്ങളും, ഒരാളുടെ അതിലെ ശേഷി തന്നെയും പൊതുവായ ഒരു കാര്യമല്ല. പക്ഷെ വ്യക്തിപരമായി തനിക്ക് ഉള്ളതിനെ പൊതുവായ ഒരു ജീവിതത്തിലേയ്ക്ക് വിന്യസിപ്പിക്കാന്‍ അവസരത്തിന് എല്ലാര്‍ക്കും അര്‍ഹതയുണ്ട്. അതിന് സഹായിക്കലാണ് സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ ‘അധികാരം’ എന്നു പറയുന്നത്. ഒരു social empowerment നായി കലയുടെ തുറസ്സ് നിര്‍മ്മിക്കാന്‍ വേണ്ടി തുടരാന്‍ ഗുണപരമായി സഹായകമല്ലെങ്കില്‍, അതിനു കടക വിരുദ്ധമായി സാഹചര്യം മാറിയാല്‍, ഈ സ്ഥാനത്തിന്റെ ആവശ്യമില്ല. അപ്പോള്‍ സ്വയം സ്വതന്ത്രമാകേണ്ടതുണ്ട്. അതാണ് കാര്യം.

ഈ നിര്‍വ്വാഹകസമിതികളില്‍ ഇരുന്ന് സഹപ്രവര്‍ത്തകരു മൊത്ത് തീരുമാനിച്ചതില്‍ വ്യക്തിപരമായി ഞാന്‍ ഏറ്റെടുത്ത ഒരു ചുമതലയാണ് കെ ജി സുബ്രഹ്മണ്യന്റെ ‘Magic of Making’ ന്റെ വിവര്‍ത്തനം. സാമാന്യം വലിയ ആ പുസ്തകത്തിന്റെ ആ പണി തീര്‍ന്നിട്ടില്ല. വിഷനറിയായിരുന്ന ആ കലാകാരന്റെ, കലാദ്ധ്യാപകന്റെ ലോകത്തു മുഴുകിക്കൊണ്ട് ആകുന്ന വേഗതയില്‍ അത് തീര്‍ത്തു കൊടുക്കുകയാണിനി ബാക്കി ജോലി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here