തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഇന്ന് ക്രിസ്തുമസ്. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തിലാണ്. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്.
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനം. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ഓരോ ക്രിസ്തുമസും. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്ര വിളക്കുമായി വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍. ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്.
തിരുപിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയും പാതിരാ കുര്‍ബാനയും നടന്നു. വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാര് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ തിരുപ്പിറവി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു.
എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന തിരുപ്പിറവി പ്രാര്‍ഥനകളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. ക്രിസ്തു ജനിച്ച സമയത്തേതിന് സമാനമായി ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്ന് പോകുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തന്‍കുരിശ് മോര് അത്താനാസിയോസ് കത്തീഡ്രലില്‍ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂര്‍ണ കുര്‍ബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകള്‍ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകള്‍ നടത്തിയത്. കോഴിക്കോട് ദേവമാത കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ദിവ്യബലിക്ക്കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കാര്‍മ്മികത്വം വഹിച്ചു. കര്‍ശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍.