ഒരു കപ്പ് ചായ എടുക്കട്ടേ…’ബട്ടർ ചായ’?

വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം ആൾകാർ കുടിക്കുന്ന പാനീയമാണ് ചായ എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. നല്ല കടുപ്പത്തിൽ, വെള്ളം കൂട്ടി, വെള്ളം കുറച്ച്, പഞ്ചസാര കൂട്ടി, പഞ്ചസാര കുറച്ച്, പഞ്ചസാര ഇല്ലാതെ എന്നിങ്ങനെ പോകുന്നു പലരുടെയും ചായ പ്രിയം. എല്ലാവരും ഒരേ രീതിയിലല്ല ചായ കുടിക്കുന്നത് എന്നാണ് ഇതിന്റെ പിന്നിലെ തത്വം. വിവിധ നാടുകളിൽ വിവിധ രീതിയിലായാണ് ചായയുണ്ടാകുന്നത്. സുലൈമാനി ചായ മുതൽ കാശ്മീരി കഹാവ വരെ ചായകുടുംബത്തിൽ അംഗങ്ങളാണ്. അടുത്തിടെ നമ്മുടെ തീൻമേശകളിൽ കുഴിമന്തി ബിരിയാണി പോലെ കയറിക്കൂടിയ വെറൈറ്റി താരമാണ് തന്തൂരി ചായ. ധാരാളം പേരാണ് തന്തൂരി ചായ എങ്ങനെ എന്ന് രുചിച്ചു നോക്കാൻ താല്പര്യപ്പെട്ട് മുന്നോട്ട് വരുന്നത്. തന്തൂരി ചായയുടെ രുചി മനസ്സിലാക്കിയാൽ പിന്നെ ഇനിയെന്ത് എന്ന് ചിന്തിക്കുന്നവർക്കായി പുതിയ ഒരു ചായ എത്തിയിട്ടുണ്ട്,

ഏലയ്ക്ക ചായ, തുളസി ചായ, ഗ്രാമ്പൂ ചായ എന്നിങ്ങനെ ധാരാളം ചായയുള്ളപ്പോൾ ബട്ടർ ചായ ഉണ്ടാക്കിയാൽ എന്താ കുഴപ്പം? എന്തായാലും ആഗ്രയിലുള്ള ബാബ ടി സ്റ്റാളിൽ ഇതൊന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു. ഫുഡിആഗ്ര എന്ന പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് ബട്ടർ ചായയുണ്ടാകുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമാന്യം നല്ല വലിപ്പമുള്ള ബട്ടർ കഷണമാണ് പാലും, വെള്ളവും, ചായപ്പൊടിയും, പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ചായയിൽ ചേർക്കുന്നത്. ബട്ടർ പൂർണമായും ചായയിൽ അലിഞ്ഞില്ലാതായതിന് ശേഷം ഒരു അരിപ്പ വച്ച് ഊറ്റുന്നതും വിഡിയോയിലുണ്ട്.

2 ലക്ഷത്തിലേറെ പേർ ഇതിനകം കണ്ട ബട്ടർ ചായയുടെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബട്ടർ ചായ എങ്ങനെയുണ്ടാകും എന്നും, ഒന്ന് ട്രൈ ചെയ്തു നോക്കണം എന്നും പലരും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കടുത്ത ചായ ആധാരകരുടെ രോഷം ഏറ്റുവാങ്ങി വീഡിയോ. “കുറച്ച് ടൊമാറ്റോ സോസും, മയോണൈസും കൂടെ ചേർക്കാമായിരുന്നു” എന്നാണ് ഒരാളുണ്ട് പ്രതികരണം. ലോകാവസാനമായി, അതുകൊണ്ടാണ് ആൾക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് മറ്റൊരാളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here