വീണ്ടും ശബരിമലയിലെത്തുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം. നൂറുസ്ത്രീകളെയും കൂട്ടിയാകും ഇനി മലകയറുകയെന്ന് ബിന്ദു അമ്മിണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. തീയതിയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ജനുവരി 2 എന്നൊരു ദിവസമുണ്ടെങ്കില്‍ മലകയറിയിരിക്കുമെന്നാണ് ബിന്ദു പറയുന്നത്. കഴിഞ്ഞതവണ ശബരിമലയിലെത്തിയ ദിവസമാണ് ജനുവരി 2. പിണറായി സര്‍ക്കാര്‍ അന്ന് ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടിയെങ്കിലും ഇത്തവണ പിന്നോട്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റസീറ്റിലൊതുങ്ങിപ്പോയതാണ് പിണറായിവിജയനെ തണുപ്പിച്ചത്.
ഈയാഴ്ച തൃപ്തിദേശായിക്കൊപ്പം മലകയറാന്വന്ന ബിന്ദു അമ്മിണിയുടെ
മുഖത്ത് മുളകുസ്പ്രേ അടിച്ചോടിച്ച സംഭവം ചൂണ്ടിക്കാട്ടി ക്രമസമാധാനപ്രശ്നം ഉന്നയിച്ചാണ് സര്‍ക്കാര്‍ ഇവരെ മടക്കിയയച്ചത്.
എന്നാല്‍ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കഴിഞ്ഞതവണ സര്‍ക്കാരും ഇടതുനേതാക്കളും പറഞ്ഞ അതേവാക്യങ്ങള് ആവര്‍ത്തിച്ചാണ് ബിന്ദു അമ്മിണി രംഗത്തെത്തുന്നത്. സതി നിറുത്തലാക്കിയപ്പോഴും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്ന്നിരുന്നല്ലോയെന്നും ‘നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ’ എന്ന സംഘടനയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയില്‍ എത്തുകയെന്നുമാണ് ബിന്ദു അമ്മിണി അറിയിച്ചത്.
മല ചവിട്ടുന്നതിന് പോലീസ് അനുമതി തരാത്തപക്ഷം കോടതിയെ സമീപിക്കും. കഴിഞ്ഞദിവസം പൊലീസ് കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല. ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടിട്ടില്ലെങ്കിലും മറ്റ് വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ട്. സ്ത്രീകള്‍ മല ചവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ലെന്നും ബിന്ദു പറഞ്ഞു.