അശാന്തി പടര്‍ത്തുന്നതാര് ? സംഘര്‍ഷമുണ്ടായിട്ടും ഇടപെടാത്ത പോലീസും പ്രതിഷേധിക്കാത്ത അക്കാദമി നിലപാടും കേരളം എങ്ങോട്ടാണെന്നതിന്റെ ആപല്‍സൂചന

0

ദളിത് ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ദളിത് ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ഹാളിലെ ആര്‍ട്ട് ഗ്യാലറിക്ക് മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചത് ക്ഷേത്രക്കമ്മിറ്റിക്കാര്‍ ഇടപെട്ട് തടഞ്ഞത് സാംസ്‌കാരിക കേരളത്തിന് അപമാനമായി. ആര്‍ട്ട് ഗാലറിക്ക് സമീപത്തെ എറണാകുളത്തപ്പന്‍ ശിവക്ഷേത്രത്തിന്റെ ഭാരവാഹികളാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് തടഞ്ഞത്. ക്ഷേത്രം അശുദ്ധിയാവുമെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രക്കമ്മിറ്റിക്കാര്‍ രംഗത്തെത്തിയത്. ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഫഌ്‌സ് ബോര്‍ഡുകളും വലിച്ചുകീറി. ഒടുവില്‍ പന്തല്‍ ഒഴിവാക്കി മൃതദേഹം തിണ്ണയില്‍ വയ്‌ക്കേണ്ടിയും വന്നു.

ലളിതകല അക്കാദമിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്. സംഘര്‍ഷമുണ്ടായിട്ടും ഇടപെടാത്ത പോലീസിനെതിരേയും പ്രതിഷേധക്കുറിപ്പുപോലും ഇറക്കാത്ത അക്കാദമി നിലപാടും കേരളം എങ്ങോട്ടാണെന്നതിന്റെ ആപല്‍സൂചന നല്‍കുന്നതായാണ് കലാലോകം വിലയിരുത്തുന്നത്. ചാനല്‍ അന്തിച്ചര്‍ച്ചകളില്‍ ഈ വിഷയം പരിഗണനാ വിഷയമായതുമില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ വിഷയം അല്‍പമെങ്കിലും കൈകാര്യം ചെയ്യുന്നത് നവമാധ്യമങ്ങളാണ്. ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലും മറ്റും ഒരുപറ്റം സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പ്രതികരിക്കുന്നതല്ലാതെ പ്രമുഖ ബുദ്ധിജീവികള്‍ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്.

അശാന്തനെ അപമാനിച്ച സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്താനും കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും യോജിച്ച് നില്‍ക്കണമെന്ന് എ.കെ. ബാലന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളോ മറ്റ് രാഷ്ട്രീയ പ്രമുഖരോ ഈ സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുമില്ല


Loading...

LEAVE A REPLY

Please enter your comment!
Please enter your name here