‘പുനര്‍നിക്കുന്ന വരട്ടാറി’ന് രാജ്യാന്തര അംഗീകാരം, ലീലാമ്മാ മാത്യു പുരസ്‌കാരങ്ങളുടെ നിറവില്‍

0

തിരുവനന്തപുരം: മനുഷ്യരുടെ തെറ്റായ ചെയ്തികള്‍ മൂലം കേരളത്തില്‍ 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇല്ലാതായ ആദിപമ്പയുടെ കൈവഴിയായിരുന്നു ‘വരട്ടാര്‍’. വരട്ടാറിന്റെ പുനരുദ്ധരണത്തിന്റെ കഥ പറയുന്ന റേഡിയോ ഡോക്യൂ-ഡ്രാമ ‘പുനര്‍ജനിക്കുന്ന വരട്ടാര്‍’ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടുന്നു.
23 രാജ്യങ്ങള്‍ പങ്കെടുത്ത 29-ാമത് ഇന്റര്‍നാഷണല്‍ യു.ആര്‍.ടി.ഐ റേഡിയോ ഗ്രാന്‍ഡ് പ്രിക്‌സ് മത്സരത്തില്‍ മികച്ച റേഡിയോ പരിപാടിക്കുള്ള ജാക്വിസ് മാത്യു അവാര്‍ഡ് ഫോര്‍ ഡിസ്‌കവറി ‘പുനര്‍ജനിക്കുന്ന വരട്ടാര്‍’ നേടി.
ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ലീലാമ്മ മാത്യു സംവിധാനം ചെയ്ത ഡോക്യൂ ഡ്രാമയുടെ രചയിതാവ് കവിപ്രസാദാണ്. ഏഷ്യാ പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ സംഘടിപ്പിച്ച എ.ബി.യു സോണിക് റേഡിയോ ഡ്രാമാ ഫെസ്റ്റിവലില്‍ ഫൈനല്‍ മത്സരത്തിലേക്കും ഈ ഡോക്യൂ-ഡ്രാമയ്ക്ക് എന്‍ട്രി ലഭിച്ചിട്ടുണ്ട്.
മഴവെള്ളക്കൊയ്ത്തിന്റെയും ജല സംരക്ഷണത്തിന്റെയും പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന, ലീലാമ്മ മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്’ 2017 ലെ ഏഷ്യാ പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ പുരസ്‌കാരം നേടി. ഇതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലീലാമ്മാ മാത്യുവിനെ തേടി വന്നിട്ടുണ്ട്. ശബ്ദകലാകാരന്മാരും അഭിനേതാക്കളുമായ ശരത്, ദേവി, അരുണ്‍ നായര്‍, പെരുമാള്‍ എന്നിവരാണ് രണ്ടു പരിപാടികളിലെയും കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here