തിരുവനന്തപുരം: നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായ വേണു അഞ്ഞൂറിലേറെ സിനിമകളിലും ഒട്ടനവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആറു വട്ടം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകനായിരുന്ന പി.കെ. കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് കെ. വേണുഗോപാലിന്റെ ജനനം. കോളജ് പഠനകാലത്തു തന്നെ സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇടക്കാലത്ത് പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിച്ചത്.

തോപ്പില്‍ഭാസിയുടെ ഒരു സുന്ദരിയുടെ കഥയെന്ന സിനിമയില്‍ കോളജ് പഠനകാലത്ത് മുഖം കാണിച്ചു. കാവാലം നാരായണ പണിക്കരെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു. നാടകസംഘത്തില്‍ അംഗമാവുകയും അതുവഴി ഭരത് ഗോപി അടക്കമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.

1978 ല്‍ അരവിന്ദന്റെ തമ്പിയിലൂടെയാണ് ചലച്ചിത്ര ജീവതത്തിലേക്ക് പ്രവേശിച്ചത്. പിന്നാലെ ഭരതന്റെ ആരവവും തകരയും വേണുവിനെ കൂടുതല്‍ പ്രശസ്തനാക്കി. ഒമ്പതു സിനിമകള്‍ക്ക് കഥ എഴുതിയിട്ടുണ്ട്. ടി.ആര്‍. സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണല്‍ ഗോപാല്‍ എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here