മുടിയുടെ നീളം ആറടി മൂന്ന് ഇഞ്ച്; പതിനഞ്ച് വർഷമായി മുടി മുറിച്ചിട്ടില്ല ഈ ജപ്പാനീസ് സുന്ദരി

നീണ്ട ഇടതൂർന്ന മുടിയുള്ള അതിസുന്ദരിയായ റാപുൻട്സെൽ എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഗോഥേൽ എന്ന ദുർമന്ത്രവാദിയുടെ തടവിൽ കഴിഞ്ഞ റാപുൻട്സെൽ എന്ന പെൺകുട്ടിയേയും അവളെ രക്ഷിക്കാനെത്തിയ രാജകുമാരന്റേയും കഥ

റാപുൻട്സെലിനെ പോലെ നീണ്ട മുടി ആഗ്രഹിച്ചു വളർന്ന പെൺകുട്ടികളും ഒട്ടും കുറവായിരിക്കില്ല. എന്നാൽ നീണ്ട മുടി ആരോഗ്യത്തോടെയും വൃത്തിയോടെയും പരിപാലിക്കുക എന്നത് ചെറിയ ജോലിയല്ല എന്നതിനാൽ തന്നെ റാപുൻട്സെൽ കഥയായി തന്നെ നിൽക്കട്ടെ എന്ന അഭിപ്രായമായിരിക്കും പലർക്കും ഉണ്ടാകുക.

പക്ഷേ, റാപുൻട്സെലിനെ പോലെ മുടിയുള്ള ഒരു പെൺകുട്ടിയുണ്ട് അങ്ങ് ജപ്പാനിൽ. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിൻ കാംബെ എന്ന 35 കാരിയുടെ മുടിക്കുള്ളത്. നടക്കുമ്പോൾ തറയിലൂടെ നീങ്ങുന്ന അത്രയും നീളത്തിലുള്ള മുടി. ഏറെ കാലത്തെ ശ്രമങ്ങൾക്കൊടുവിലാണ് കാംബെ യഥാർത്ഥ ജീവിതത്തിലെ റാപുൻട്സെൽ ആയി മാറിയിരിക്കുന്നത്. ഇത്രയും നീളമുള്ള മുടിക്കായി ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും കാംബെ പറയുന്നു.

15 വർഷമായി കാംബെ മുടി മുറിച്ചിട്ടില്ല. 20 ാമത്തെ വയസ്സിൽ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുക എന്നത് ഏറെ ശ്രമകരമാണെങ്കിൽ ഇതിൽ താൻ സന്തോഷം കണ്ടെത്തുന്നുണ്ടെന്നാണ് കാംബെ പറയുന്നത്. മോഡലും നർത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് ദിവസത്തിലെ പ്രധാന ഭാഗം മാറ്റിവെക്കുന്നത്. തലയോട്ടിയിൽ കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക ക്രീമാണ് പുരട്ടുന്നത്.

മുടി നീട്ടി വളർത്താൻ വ്യക്തിപരമായ ചില കാരണങ്ങൾ കൂടിയുണ്ട് കാംബെയ്ക്ക്. കർക്കശക്കാരായിരുന്നു കാംബെയുടെ മാതാപിതാക്കൾ. സ്കൂൾ പഠനകാലത്ത് സോക്കർ ടീമിൽ അംഗമായിരുന്നതിനാൽ ഒരിക്കലും മുടി നീട്ടാൻ കാംബെയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇരുപതാമത്തെ വയസ്സിൽ നൃത്തത്തിൽ താത്പര്യം വന്നതോടെയാണ് ജീവത്തിൽ മാറ്റമുണ്ടായത്. തന്റെ ജീവിതത്തിന്റെ നിയന്ത്രണം കാംബെ സ്വയം ഏറ്റെടുത്തു. അതിന്റെ ആദ്യ പടിയായി മുടി നീട്ടി വളർത്താൻ തീരുമാനിച്ചു. തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് കാംബെ ആറടി നീളത്തിലുള്ള ഇടതൂർന്ന മുടിയെ കാണുന്നത്.

15 വർഷങ്ങൾക്ക് മുമ്പ് കലാകാരിയായി വളരാൻ ആഗ്രഹിച്ച നാളിലാണ് മുടിയുടെ അറ്റമെല്ലാം വെട്ടിയൊതുക്കി നീട്ടി വളർത്താൻ തീരുമാനിച്ചത്. നീണ്ട് ഇടതൂർന്ന് മനോഹരമായ മുടി താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് കാംബെ പറയുന്നു. ഈ മുടിയെ ഇഷ്ടപ്പെടുന്നവരും തന്നെ അഭിനന്ദിക്കുന്നവരുമായി ഒരുപാട് പേർ ഉണ്ടാകുമെങ്കിലും ഇത്ര നീണ്ട മുടി വൃത്തികേടായി കാണുന്നവരും ഉണ്ടെന്ന് കാംബെയ്ക്ക് നന്നായി അറിയാം. പക്ഷേ, ഇത് തന്റെ വ്യക്തിപരമായ സന്തോഷമാണെന്ന് മുടിയിൽ തലോടി കാംബെ പറയുന്നു.

സോഷ്യൽമീഡിയയിലും സജീവമാണ് കാംബെ. 32.4 k ഫോളോവേഴ്സാണ് കാംബെയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. കാംബെയുടെ നീണ്ടു വളർന്ന് കിടക്കുന്ന മുടിയുടെ ആരാധകരാണ് ഫോളോവേഴ്സിൽ കൂടുതലും.

LEAVE A REPLY

Please enter your comment!
Please enter your name here