സന്നിധാനത്ത് വീണ്ടും കൂട്ട നാമജപം: 82 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

0

സന്നിധാനം: നിരോധനാജ്ഞ മറികടന്ന് നാമജപം നടത്തിയതിന് അറസ്റ്റിലായ 82 പേരെയും മനിയാര്‍ കാമ്പിലെത്തിച്ച് ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്.

ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ അടക്കമുള്ളവരാണ് പിടിയിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പത്തരയോടെയാണ് പ്രതിഷേധം നടന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.

ഇരു സംഘങ്ങള്‍ക്ക് ചുറ്റും പോലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി അവസാനിച്ചില്ല. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ ശരണം വിളിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ പമ്പയിലെത്തിച്ചു.

നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here