എടക്കര (മലപ്പുറം): എടക്കരയില്‍ ഓടുന്ന സ്​കൂട്ടറിന്​ പിന്നില്‍ വളര്‍ത്തുനായെ മൂന്നുകിലോമീറ്ററോളം കെട്ടിവലിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ്​ അറസ്റ്റ്​ ചെയ്​തത്​​. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരിങ്കുളം മുതല്‍ മുസ്​ലിയാരങ്ങാടി വരെയാണ് നായെ നടുറോഡിലൂ​ടെ കെട്ടിവലിച്ച്‌​ കൊണ്ടുപോയത്​.

സേവ്യറും ഇയാളുടെ മകനുമാണ്​ സ്​കൂട്ടറില്‍ ഉണ്ടായിരുന്നതത്രെ. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. ഒടുവില്‍, ഉമ്മര്‍ വളപ്പില്‍ എന്ന പൊതുപ്രവര്‍ത്തകന്‍ ഇവരെ പിന്തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന്​ സേവ്യറും മകനും ഉമ്മറിനോടു തട്ടിക്കയറിയെങ്കിലും ആളുകള്‍ തടിച്ചുകൂടി ബഹളംവെച്ചതോടെ നായുടെ കെട്ടഴിച്ചുവിട്ടു.

നായ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കെ.എല്‍. 11. എ.ഡബ്ല്യു 5684 സ്​കൂട്ടറിലാണ്​ നായെ കെട്ടിവലിച്ചത്​. വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ്​ ഈ ക്രൂരത ചെയ്​തതെന്ന്​ സേവ്യര്‍ പൊലീസിനോട്​ പറഞ്ഞു.

മുന്‍പ് എറണാകുളത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഓടുന്ന കാറിന്​ പിറകിലാണ്​ അന്ന് നായെ കെട്ടിവലിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here