തിരുവനന്തപുരം: തീര്‍ത്ഥാടനകാലത്ത് അരവണ വിതരണത്തിനുള്ള കണ്ടയ്‌നര്‍ എത്തിക്കാന്‍ കരാര്‍ എടുത്തിരുന്ന സ്ഥാപനം പിന്‍മാറി. ഇതോടെ അരവണ ക്ഷാമത്തിനുള്ള സാധ്യതയുണ്ടാകുമെന്നാണ് ആശങ്ക.

ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചതു കഴിഞ്ഞ ജൂലൈയിലാണ്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്കു കരാര്‍ നല്‍കിയെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത ശ്രീവിഘ്‌നേശ്വര ഹൈക്കോടതിയെ സമീപിച്ച് കൂടിയാലേചന നടത്തി കരാര്‍ ഉറപ്പിക്കണമെന്ന വിധി സമ്പാദിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിന് 4.4 രൂപ വച്ച് 1.8 കോടി കണ്ടെയ്‌നറുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ശ്രീവിഘ്‌നേശ്വര സ്വന്തമാക്കി. വിജ്ഞാപന പ്രകാരം ഒക്‌ടോബര്‍ 31 നകം 50 ശതമാനം കണ്ടെയ്‌നറുകള്‍ കൈമാണമായിരുന്നു. ശേഷിക്കുന്നവ വരുന്ന 30 നകവും.

എട്ടിനു കിട്ടിയ ഉത്തരവു പ്രകാരം ഈ മാസം 20 ന് 20 ലക്ഷം കണ്ടെയ്‌നറുകള്‍ നല്‍കണമെന്നും കരുതല്‍ നിക്ഷേപമായി ഒരു കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തുക കുറയ്ക്കണമെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ കണ്ടെയ്‌നറുകള്‍ നല്‍കാനാവില്ലെന്നും കമ്പനി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ കരുതല്‍ കണ്ടെയ്‌നറുകളായി സൂക്ഷിച്ചിരുന്ന 80 ലക്ഷം എണ്ണമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കണ്ടെയ്‌നറുകള്‍ എത്തിക്കാത്ത കരാറുകാരനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബോര്‍ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here