പ്രതിസന്ധി ഘട്ടങ്ങളിളെല്ലാം സാന്ത്വനവും കരുത്തുമായി ഒപ്പം നിന്ന ജില്ലാ കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖം മറച്ചുവെക്കാതെ പത്തനംതിട്ട നിവാസികൾ. കളക്ടർ പോകുന്നതിന്റെ വിഷമം പങ്കുവെക്കുകയാണ് ഓരോ പത്തനംതിട്ടക്കാരും സോഷ്യൽ മീഡിയയിൽ. പത്തനംതിട്ടയോട് നന്ദി പറഞ്ഞ് പി.ബി. നൂഹ് ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളിലെല്ലാം നിഴലിച്ചത് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും തന്നെ. നന്ദിയും ആശംസകളും നേർന്ന് പതിനായിരത്തോളം പേരാണ് കമന്റിട്ടത്.
ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പത്തനംതിട്ട ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റു. മുന്‍ ജില്ലാ കളക്ടര്‍ പി ബി നൂഹുമായി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പഠിച്ചതിനുശേഷം ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ പി ബി നൂഹ് പുതിയ കളക്ടറെ വരവേറ്റു. ജില്ലയുടെ പ്രാധാന്യത്തെ കുറിച്ചും ജില്ല മറികടന്ന വിവിധ സാഹചര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഡോ. ടി എല്‍ റെഡ്ഡിയുമായി പി ബി നൂഹ് പങ്കുവച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, സാന്ത്വന സ്പര്‍ശം അദാലത്ത് എന്നിവ ഭംഗിയായി നടത്തുന്നതിനു പ്രാധാന്യം നല്കി ജില്ലയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടിഎല്‍ റെഡ്ഡി അറിയിച്ചു.
ജില്ലയുടെ സംസ്കാരം, തെരഞ്ഞെടുപ്പ്, കൊവിഡ് പ്രതിസന്ധി, വാക്സിനേഷന്, ആദിവാസി കോളനികളെ സംബന്ധിച്ച വിവരങ്ങള്‍, സാന്ത്വന സ്പര്‍ശം അദാലത്ത്, താലൂക്ക് തല അദാലത്ത്, പട്ടയ വിതരണം, ചെങ്ങറ, ഉദ്യോഗസ്ഥരുടെ പ്രവൃത്തിപരിചയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.