ഡിവൈഎഫ്ഐ മധ്യസ്ഥതയില്‍ സ‍ര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍

ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയിൽ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ബാഹ്യ ഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വവും ആരോപിച്ചു. പുലർച്ചെ ഒന്നേകാൽ വരെ നീണ്ട ചർച്ചയാണ് പരാജയപ്പെട്ടത്.

സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന എൽജിഎസ് റാങ്ക് ജേതാക്കളുമായി അപ്രതീക്ഷിതമായിട്ടായിരുന്നു സർക്കാരിന്‍റെ ചർച്ച. ആദ്യ ഘട്ടത്തിൽ സമരത്തെയും സമര നേതൃത്വത്തെയും തള്ളിപ്പറഞ്ഞ സർക്കാർ ഇന്നലെ രാത്രി 11 മണിക്കാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറായത്. പുലർച്ചെ ഒന്നേകാൽ വരെ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ഉദ്യോഗാർഥികൾ തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയില്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സമരം തുടരുമെന്നും അറിയിച്ചു.

എന്നാൽ ഉദ്യോഗാർഥികൾ ഉന്നയിച്ച ചില കാര്യങ്ങൾ അപ്രായോഗികമായിരുന്നുവെന്നാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞത്. സമരത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായോയെന്ന് സംശയിക്കുന്നതായും റഹീം വ്യക്തമാക്കി.

അതേസമയം തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരും ഉദ്യോഗാർഥികളും ഉടക്കി നിൽക്കുന്നതിനാൽ ഇനി രണ്ടാം ഘട്ട ചർച്ച എന്നാണെന്ന കാര്യത്തിൽ തീരുമാനവും ആയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here