തിരുവനന്തപുരം: പ്രമുഖ കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. കായംകുളം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അനില്‍ പനച്ചൂരാന് മരിച്ചത്. രാവിലെ വീട്ടില്‍നിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറില്പോകുമ്ബോള് ബോധരഹിതനായി. തുടര്‍ന്നു മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.അതേസമയം, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പോസ്റ്റ്മോര്‍ട്ടം എന്തിന് ചെയ്യണമെന്ന കാര്യത്തില്‍ ബന്ധുക്കള്‍ പ്രതികരിച്ചിട്ടില്ല. അനില്‍ പനച്ചൂരാന്റെ സംസ്കാരസമയം ഇന്ന് തീരുമാനിക്കും. മൃതദേഹം തിരുവനന്തപുരത്ത് നിന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരണപ്പെട്ടത്. കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവാവുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ചികിത്സയ്ക്കിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു- ദ്രൗപതി ദന്പതികളുടെ മകനായി 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടികെഎം കോളജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുന്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. വലയില്‍ വീണ കിളികള്‍, അനാഥന്, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍. അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. ആവശ്യമുന്നയിച്ച് ബന്ധുക്കള്‍ കായംകുളം പോലീസ് സ്റ്റേഷനിലെത്തി.
ഇതേതുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ഞായറാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച് അനില്‍ പനച്ചൂരാന് അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.