ലക്നൗ: തയ്പ്പിച്ച ഷർട്ടിന്റെ അളവ് ശരിയാകാത്ത ദേഷ്യത്തിൽ തയ്യൽക്കാരനെ കൊലപ്പെടുത്തി. യുപി റായ്ബറേലിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അബ്ദുൾ മജീദ് ഖാൻ എന്ന 65കാരനാണ് കൊല്ലപ്പെട്ടത്. ഷർട്ട് തുന്നിയതുമായി ബന്ധപ്പെട്ടുയർന്ന ചില തര്‍ക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സലീം എന്നയാളാണ് തന്റെ പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന ആരോപിച്ച് മജീദ് ഖാന്റെ മകൻ അബ്ദുൾ നയീം ഖാൻ ആണ് രംഗത്തെത്തിയിരിക്കുന്നത്.
തയ്യൽക്കാരനായ മജീദിന്റെ പക്കൽ ഷർട്ട് തയ്പ്പിക്കുന്നതിനായി സലീം തുണി നൽകിയിരുന്നു. തയ്ച്ച് നൽകിയപ്പോൾ ഷർട്ടിന്റെ ഫിറ്റിംഗ് ശരിയായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടായി. ഇത് വാക്കുതർക്കത്തിലും കയ്യേറ്റത്തിലും കലാശിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സലീം, തയ്യൽക്കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് മജീദിന്റെ മരണകാരണം എന്താണെന്ന് കൃത്യമായി ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് റായ്ബറേലി എസ്പി ശ്ലോക് കുമാർ അറിയിച്ചത്. ഇയാളുടെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് വന്നശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയു എന്നുമാണ് അദ്ദേഹം അറിയിച്ചത്. കൊലപാതകം നടന്ന ദിവസം പ്രതിയും ഇരയും തമ്മിലുണ്ടായ പ്രശ്നത്തിനിടെ എന്താണുണ്ടായതെന്ന് വ്യക്തമായ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും എസ്പി വ്യക്തമാക്കി.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ കഞ്ചാവ് ലഹരിക്കടിമയായ മകനെ അമ്മ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്.