ന്യൂഡല്‍ഹി:  സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേയ്ക്ക് പ്രതിഷേധം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താമെന്ന് കര്‍ഷകസംഘടന നേതാക്കളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യാഴാഴ്ച്ച ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് ചര്‍ച്ചവേണമെങ്കില്‍ സര്‍ക്കാര്‍ ഒരുക്കമാണ്. കര്‍ഷകരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കും. ദേശീയപാതയില്‍ സമരം നടത്തി യാത്ര തടസം സൃഷ്ടിക്കരുത്. പ്രതിഷേധങ്ങള്‍ക്ക് ഡല്‍ഹി സൗകര്യം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

ഈ തണുപ്പത്ത് ദേശീയപാതയില്‍ പല സ്ഥലങ്ങളിലും ട്രാക്ടറുകളിലും മറ്റുമാണ് കര്‍ഷകര്‍ കഴിയുന്നത്. കര്‍ഷകരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ഡല്‍ഹി പോലീസ് തയ്യാറാണ്. ദയവായി അവിടേക്ക് പോകൂ. അവിടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ക്ക് പോലീസ് അനുമതി നല്‍കും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്താന്‍ കര്‍ഷക യൂണിയനുകള്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്നും തൊട്ടടുത്ത ദിവസം ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള  കർഷക പ്രതിഷേധം മൂന്നാം ദിവസത്തിലേക്കെത്തുമ്പോൾ കൂടുതൽ  ശക്തമാവുകയാണ്.  പോലീസ് നിർദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുറാഡി  നിരങ്കരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിർത്തിയിലെ കർഷകർ അവിടെ തന്നെ തുടരുകയാണ്. ജന്തർ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാൻ അവസരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഒരു വർഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്ന് കർഷകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here