ലോക്ക്ഡൗൺ തത്കാലം ഇല്ല; തെരഞ്ഞെടുപ്പും കൊവിഡ് വ്യാപനവും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ

കൊൽക്കത്ത: രാജ്യത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൊവിഡ് 19 വ്യാപനത്തിനു കാരണമായെന്നു പറയുന്നതു ശരിയല്ലെന്ന് അദ്ദശം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇതിൽ വിജയിക്കുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ധൃതിപിടിച്ച് ലോക്ക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിൽ അമിത് ഷായുടെ വാക്കുകള്‍. രോഗവ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. പ്രധാനമന്ത്രി ഇതിനോടകം രണ്ട് തവണ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യവിദഗ്ധരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെന്നും അമിത് ഷാ വ്യക്തമാക്കി.

തെരഞ്ഞെടുപ്പും കൊവിഡ‍് 19 രണ്ടാം തരംഗവും തമ്മിലുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം ഉണ്ടാകുന്നില്ലേ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. “മഹാരാഷ്ട്രയിൽ തെരഞ്ഞെെടുപ്പ് നടക്കുന്നുണ്ടോ? അവിടെ 60,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇവിടെ ബംഗാളിൽ 4000 കേസുകള്‍ മാത്രമാണുള്ളത്. ഞാൻ മഹാരാഷ്ട്രയുടെയും ബംഗാളിൻ്റെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വര്‍ധനവുണ്ട്. അത് എങ്ങനെയാണ് വിശദീകരിക്കുന്നത്?” അമിത് ഷാ ചോദിച്ചു.

കൊവിഡ് 19 രണ്ടാം തരംഗത്തിനു കാരണം വൈറസിൻ്റെ പുതിയ വകഭേദങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു. പല രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തിൽ വര്‍ധനവുണ്ട്. ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തിൽ പഠനം നടത്തുകയാണെന്നും ഇക്കാര്യത്തിൽ ഇപ്പോള്‍ അഭിപ്രായം പറയുന്നതു ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഇത്തവണ ശക്തമായ കൊവിഡ് വ്യാപനമാണ് നടക്കുന്നതെന്നും ഈ സാഹചര്യത്തിൽ പോരാട്ടം കടുത്തതാകുമെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ വൈറസിനെതിരെയുള്ള പോരാട്ടം ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് വാക്സിനു ക്ഷാമമില്ലെന്ന നിലപാടാണ് അമിത് ഷാ സ്വീകരിച്ചത്. ലോകത്തെ ഏറ്റവും വേഗമേറിയ വാക്സിനേഷൻ യജ്ഞമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യത്തെ പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ ലഭിച്ചവരുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്ത് ഏറ്റവും മുന്നിൽ. ആദ്യ ഡോസിനു ശേഷം നിശ്ചിത കാലയളവിലാണ് അടുത്ത ഡോസ് കൊടുക്കേണ്ടത്. ഇത് ഒഴിവാക്കാനാകില്ല. എന്നാൽ രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here