വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിൽഅമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പൂര്‍ത്തിയായത്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ട് വേണമായിരുന്നു. എന്നാൽ 7 റിപ്പബ്ലിക്കൻ അംഗങ്ങൾ കുറ്റം ചുമത്താൻ അനുകൂലിച്ചു വോട്ടു ചെയ്തതു ശ്രദ്ധേയമായി. പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിന് കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ശേഷം സെനറ്റ് തള്ളിയത്.

ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് ഞായറാഴ്ച പുലർച്ചെ (ഇന്ത്യൻ സമയം) വോട്ടെടുപ്പിലേക്ക് കടന്നത്. 50- 50 എന്നിങ്ങനെ ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ കക്ഷിനിലയുള്ള നൂറംഗ സെനറ്റിൽ ഇംപീച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ (67 വോട്ട്) ട്രംപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

റിച്ചഡ് ബർ, ബിൽ കാസിഡി, സൂസൻ കോളിൻസ്, ലിസ മർകോവ്സ്കി, മിറ്റ് റോമ്നി, ബെൻ സാസെ, പാറ്റ് റ്റൂമി തുടങ്ങിയ റിപ്പബ്ലിക്കൻ സെനറ്റർമാരാണ് സ്വന്തം പാർട്ടിക്കാരനായ ട്രംപ് കുറ്റക്കാരനെന്ന് വോട്ടു ചെയ്തത്. ഇതിനിടെ, ട്രംപിന് അനുകൂലമായി വോട്ട് ചെയ്ത സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മകനൽ തുടർന്ന് നടത്തിയ പ്രസംഗത്തിൽ ട്രംപിനെ വിമർശിച്ചു. പ്രായോഗികമായി ചിന്തിക്കുമ്പോൾ ട്രംപാണ് ജനുവരി 6ന് കലാപകാരികൾ നടത്തിയ പാർലമെന്റ് ആക്രമണത്തിന് കാരണക്കാരനെന്നാണ് മകനൽ പറഞ്ഞത്. എങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കാനായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.

യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിന് ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിനെ ആദ്യമായി കുറ്റവിചാരണ നടത്തിയത്. ബൈഡൻ ഡമോക്രാറ്റ് പാർട്ടിയുടെ യു എസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിന് മുൻപായിരുന്നു ഇത്. വിചാരണയ്ക്കു ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സെനറ്റ് വോട്ടെടുപ്പു നടത്തിയപ്പോൾ വിധി ട്രംപിന് അനുകൂലമായി.

LEAVE A REPLY

Please enter your comment!
Please enter your name here