ബ്രസീല്‍ അതിര്‍ത്തിയിലെ ആമസോണ്‍ കാടുകളിലെ വനം നശീകരണത്തിനെതിരേ പോരാട്ടം നയിച്ച ഗോത്രവര്‍ഗ നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാര്‍ വെടിവച്ച് കൊന്നു. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ബ്രസീലില്‍ 20,000ത്തോളം ജനസംഖ്യയുള്ള ഗുജജാരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ.
മാരന്‍ഹാവോയിലെ ആമസോണ്‍ അതിര്‍ത്തി പ്രദേശമായ അറ്റിബോയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന പൗലിനോയുടെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സുനാരോയുടെ ഗോത്ര വിരുദ്ധ പരാമര്‍ശങ്ങളാണ് പൗലിനോയുടെ മരണത്തിന് കാരണമെന്നാണ് ഗോത്ര സംഘടന പറയുന്നത്.
വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയും ആക്രമിച്ചത്. ഇരുപക്ഷവും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു കൊള്ളക്കാരനും കൊല്ലപ്പെട്ടു.