വാക്‌സിനെപ്പറ്റിയുള്ള വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരിഫ് എം.എല്‍.എ.

0
4

തിരുവനന്തപുരം: വാക്‌സിന്‍ വിരുദ്ധ പ്രസംഗം വിവാദമായതോടെ, തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വാദവുമായി സിപിഎമ്മിന്റെ അരൂര്‍ എംഎല്‍എ, എ.എം ആരിഫ്. റൂബെല്ല കുത്തിവെപ്പിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും ഹോമിയോ ഡോക്ടറായ ഭാര്യയുടെ താത്പര്യപ്രകാരമാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും അരൂര്‍ എം.എല്‍.എ. ആരിഫ് പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സര്‍ക്കാര്‍ പദ്ധതിയെ താന്‍ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്ര സെമിനാറിലെ ആരിഫിന്റെ പ്രസംഗമാണ് വിവാദത്തിലായത്. തന്റെ മക്കള്‍ക്ക് 24 വയസായെന്നും വാക്‌സിനേഷന്‍ നല്‍കാതെയാണ് വളര്‍ത്തിയതെന്നും വാക്‌സിനേഷനില്‍ വിശ്വസിക്കാത്തവര്‍ക്ക് അതു വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആരിഫ് വ്യക്തമാക്കി. വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ലെന്ന് കൂടി പറഞ്ഞതോടെയാണ് പ്രസംഗം കൈവിട്ടുപോയത്. മലപ്പുറത്ത് വാക്‌സിനേഷനെതിരായ പ്രചരണവുമായി ചില മുസ്ലിംസംഘടനകള്‍ രംഗത്തെത്തിയത് സര്‍ക്കാരിന് തലവേദനയായിരുന്നു. ഈ പ്രചരണങ്ങള്‍ക്കെതിരായ ബോധവത്ക്കരണം സംഘടിപ്പിച്ച് വാക്‌സിനേഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഭരണപക്ഷ എം.എല്‍.എ. തന്നെ വാക്‌സിന്‍ വിരോധികള്‍ക്കനുകൂലമായി രംഗത്തുവന്നത്. ആരിഫിന്റെ പ്രസംഗം ആരോഗ്യപദ്ധതികള്‍ക്കെതിരേയുള്ള പ്രചരണണത്തിന് ശക്തിപകരുന്നതാണെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് വാക്കുകള്‍ വളച്ചൊടിച്ചെന്ന വിശദീകരണം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here