എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനു തുല്ല്യാവകാശം, സുപ്രധാന വിധി സുപ്രീം കോടതിയുടേത്

ന്യുഡല്‍ഹി | ഗര്‍ഭചിദ്രത്തിനു അവിവാഹിതര്‍ക്കും അവകാശമുണ്ടെന്നും അതു സ്ത്രീയുടെ അവകാശമാണെന്നും സുപ്രീം കോടതി. വിവാഹിതയെന്നോ അവിവാഹിതയെന്നോയുള്ള വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണ്.

മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗമായി കാണാമെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധി വ്യക്തമാക്കുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനു അവകാശമുണ്ടെന്നും വ്യക്തമാക്കുന്നു. ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 വയസുകാരി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും പങ്കാളി തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയില്ല. 2003 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി റൂള്‍സിനു കീഴിലുള്ള ഒരു ക്ലോസിലും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച അവിവാഹിതരായ സ്ത്രീകള്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here