തിരുവനന്തപുരം/കൊച്ചി: മരടിലെ അനധികൃത ഫഌറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ.

സുപ്രീംകോടതി വിധി നടപ്പാക്കിയേ തീരൂവെന്ന സ്ഥിതിയിലാണ് സംസ്ഥാനസര്‍ക്കാരെന്നും ഫഌറ്റുടമകളെ സഹായിക്കാന്‍ നിയമപരമായി എന്തു ചെയ്യാനാകുമെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.

എന്നാല്‍, കെട്ടിട നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തിലോ ഡല്‍ഹയിലേക്ക് സര്‍വകക്ഷി സംഘം പോകുന്നകാര്യത്തിലോ തീരുമാനമുണ്ടായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി മുഖ്യമന്ത്രി വിഷയം സംസാരിക്കും. ഫളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്.

നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
അതേസമയം, ഫഌറ്റ് പൊളിച്ച് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായമാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ ഉന്നയിച്ചത്. ശബരിമല വിധിയുമായി മരട് വിധിയെ താരതമ്യം ചെയ്യാനും കാനം മറന്നില്ല.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാമെങ്കില്‍ ഫ്‌ലാറ്റുകള്‍ പൊളിയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെന്താണ് ബുദ്ധിമുട്ടെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. മരടിലെ അനിശ്ചിതകാല സമരം തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയാണെന്ന് സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങളറിഞ്ഞ ശേഷം ഫ്‌ലാറ്റുടമകള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here