ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ല ?

ബെയ്ജിംഗ്: ആലിബാബ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നതായി സംശയം. നേരത്തെ പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നിരുന്ന ജാക് മാ 2020 ഒക്ടോബര്‍ മാസം മുതല്‍ ഒരൊറ്റ പൊതുവേദിയിലും പ്രത്യക്ഷപ്പെടാതിരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ജാക് മാ എവിടെയാണെന്ന ചോദ്യമാണ് ലോകമെമ്ബാടും മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ആഫ്രിക്കന്‍ ടാലന്‍റ് ഷോ എന്ന ടിവി പരിപാടിയുടെ അവസാന എപ്പിസോഡില്‍ ജാക് മാ പ്രത്യക്ഷപ്പെടേണ്ടിയിരുന്നതാണെങ്കിലും എത്തിയില്ല. മനപ്പൂര്‍വ്വം ജാക് മാ മറഞ്ഞിരിക്കുകയാണെന്നാണ് സിഎന്‍ബിസി ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലിബാബയുടെ ആസ്ഥാനമായ ചൈനയിലെ ഹങ്ഷൂ നഗരത്തില്‍ ജാക് മാ ഉണ്ടെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിസിനസ്സില്‍ പല തവണ പരാജയപ്പെട്ടിട്ടും നിരന്തര പരിശ്രമത്തിലൂടെ ഒടുവില്‍ വിജയം കുറിച്ച ജാക് മായുടെ വിസ്മയ ജീവിതകഥ ലോകമെമ്ബാടും അറിയപ്പെടുന്ന ഒന്നാണ്. അദ്ദേഹത്തിന്‍റെ ബിസിനസ് സംബന്ധിച്ച യുട്യൂബ് വീഡിയോകള്‍ ലോകത്തെമ്ബാടുമുള്ള ബിസിനസ്സുകാര്‍ക്കും എന്നും പ്രചോദനമാണ്. ഇതിനിടയിലാണ് ജാക് മാ പൊടുന്നനെ അപ്രത്യക്ഷമായത്. ജാക് മായുടെ പുതിയ കമ്ബനിയായ ആന്‍റ് ഗ്രൂപ്പ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിന് ചൈനീസ് അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് ജാക് മാ പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായതെന്നാണ് സിഎന്‍എന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചുകാലത്തേക്ക് സാധാരണക്കാരനായി ഇരിക്കാനാണ് ജാക് മാ ഇഷ്ടപ്പെടുന്നതെന്നും ഈ റിപ്പോര്‍ട്ടി്ല്‍ പറയുന്നു.

ഏറെ സംസാരിക്കുകയും നല്ല വ്യക്തിപ്രഭാവവുമുള്ള ജാക് മാ എന്തുകൊണ്ടാണ് സ്വകാര്യതയില്‍ ഒതുങ്ങിപ്പോയത്? 2020 ഒക്ടോബര്‍ 24ന് നടന്ന ചടങ്ങില്‍ അദ്ദേഹം ചൈനയിലെ നിയന്ത്രങ്ങള്‍ നവീനതകളെ ശ്വാസംമുട്ടിക്കുകയാണെന്ന് അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. ഷാംഗ്ഹായില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചൈനീസ് ബാങ്കുകളെ പണയം വെക്കുന്ന കടകളോടാണ് ജാക് മാ താരതമ്യം ചെയ്തത്. ജാക് മാ തന്‍റെ ആന്‍റ് ഗ്രൂപ്പിന്‍റെ ഐപിഒയ്ക്ക് ഒരുങ്ങുന്നതിന് ഒരു മാസം മുമ്ബായിരുന്നു ജാക് മായുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ ഈ വിമര്‍ശനം. ഉടനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരിച്ചടിച്ചു. ജാക് മായുടെ കമ്ബനിയ്ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ആന്‍റ് ഗ്രൂപ്പിന്റെ ബിസിനസിന്‍റെ ഘടന മാറ്റണമെന്നും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇത് കോടിക്കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് ജാക് മായ്ക്ക വരുത്തിയത്. ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം ജാക് മാ സ്ഥാപിച്ച ആലിബാബയ്‌ക്കെതിരെ കുത്തകാവകാശ വിരുദ്ധ അന്വേഷണത്തിന് (ആന്റി മൊണോപൊളി ഇന്‍വെസ്റ്റിഗേഷന്‍) ഉത്തരവിട്ടിരിക്കുകയാണ്. ആലിബാബയുടെ ചെയര്‍മാന്‍ അല്ലെങ്കിലും ഈ കമ്ബനിയില്‍ നല്ലൊരു ശതമാനം പങ്കാളിത്തം ജാക് മായ്ക്ക് ഇപ്പോഴും ഉണ്ട്. ആലിബാബയിലെ ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രധാന ഗ്രൂപ്പിലും ജാക് മാ ഉണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനീസ് സര്‍ക്കാര്‍ കൂടുതലായി ജാക് മായെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വെട്ടിനിരത്തുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ സ്ഥിരം പതിവാണ്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിംഗ്പിങിനെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ റാന്‍ സികിയാങ് പൊടുന്നനെ അപ്രത്യക്ഷനായി. 18 മാസത്തോളം അദ്ദേഹത്തെ ജയിലിലും ഇട്ടു. ഫാന്‍ ബിങ്ബിങ് എന്ന സൂപ്പര്‍സ്റ്റാര്‍ നടിയെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടി. ഒരു വര്‍ഷത്തോളമാണ് ഇവര്‍ അപ്രത്യക്ഷയായത്. പിന്നീട് അവര്‍ നികുതിവെട്ടിപ്പ് വിവാദത്തില്‍ മാപ്പിരക്കേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here