തിരുവനന്തപുരം/കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലീസ് നടപടിയില്‍ സി.പി.എം ഇടപെടില്ല. അലന്റെയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14 ലേക്കു മാറ്റി.

വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തലിന്റെയും കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാടിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. യു.എ.പി.എയെ എതിര്‍ക്കുമ്പോഴും കേസില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലേക്കാണ് പാര്‍ട്ടി എത്തുന്നത്. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുമെന്ന് കരുതുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് നേരത്തെ നിലപാട് സ്വീകരിച്ചത്.

അതിനിടെ, ജയിലില്‍ തുടരുന്ന അലനും താഹയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയില്‍ 14ന് ഹൈക്കോടതി വാദം കേള്‍ക്കും. പോലീസിനോടും സര്‍ക്കാരിനോടും അന്ന് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെയും തുനിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്ന് കിട്ടിയ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ ഇതിനു നടപടി സ്വീകരിക്കൂവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here