നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സിന്‍’ എന്ന് അഖിലേഷ് യാദവ്; പ്രസ്താവന വിവാദത്തില്‍

ലക്‌നൗ: രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സിന്‍’ ആണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദത്തില്‍. അതിനാല്‍ താന്‍ ഒരു ഡോസ് പോലും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന് വെള്ളിയാഴ്ച വിദഗ്ധ സമിതി അനുമതി ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷിന്റെ പ്രസ്താവന. ‘ബിജെപി നല്‍കുന്ന വാക്‌സിനെ എങ്ങനെ വിശ്വസിക്കും? ബിജെപി നല്‍കുന്ന വാക്‌സിന്‍ ഉപയോഗിച്ച്‌ ഞങ്ങള്‍ കുത്തിവയ്പ് എടുക്കില്ല.’ ഇതായിരുന്നു അഖിലേഷിന്റെ നിലപാട്.

അഖിലേഷിന്റെ നിലപാടിനെ പിന്തുണയ്ക്കാനോ തള്ളാനോ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തയാറായില്ല. ഓരോരുത്തരുടെയും മാനസിക അവസ്ഥയ്ക്ക് അനുസരിച്ച്‌ നടത്തുന്ന പ്രതികരണത്തോട് പ്രതികരിക്കുന്നില്ല എന്ന് ബി.എസ്.പി വക്താവ് പറഞ്ഞു. അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി രംഗത്തു വന്നു. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുകയാണ് അഖിലേഷ് എന്ന് ബിജെപി പ്രതികരിച്ചു.

അഖിലേഷിന്റെ വാക്കുകള്‍ ലജ്ജിപ്പിക്കുന്നുവെന്നായിരുന്നു ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യയുടെ കുറ്റപ്പെടുത്തല്‍. അഖിലേഷ് യാദവിനെതിരെ നിയമ നടപടി വേണം എന്നാണ് ബിജെപിയുടെ നിര്‍ദേശം. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി തുടങ്ങും എന്ന് പാര്‍ട്ടി വ്യക്തമാക്കി. അതേസമയം തന്റെ പ്രസ്തവനയില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്നാണ് അഖിലേഷിന്റെ മറുപടി. നിയമ നടപടിയാണ് ബിജെപി വാക്‌സിനേക്കാള്‍ ഭേഭം എന്നും അഖിലേഷ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here