‘ഷോ വേണ്ട’; പോലീസുകാർക്ക് ആവശ്യത്തിലേറെ പണിയുണ്ട്; കൊച്ചി ഡിസിപിക്ക് താക്കീത്

കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ളതിനാൽ പോലീസ് ഉദ്യോഗസ്ഥരോട് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ആഭ്യന്തര വകുപ്പിനു നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറാണ് ഐശ്വര്യ. ഇവരുടെ പെരുമാറ്റം അതിരുകടന്നുവെന്നാണ് മേലുദ്യോഗസ്ഥർ വിലയിരുത്തുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിതാ പോലീസ് സ്റ്റേഷനിലെത്തിയത്. വാഹനം നോർത്ത് സ്റ്റേഷനു മുന്നിൽ നിർത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് അധികാര ഭാവത്തിലെത്തിയ യുവതിയെ പാറാവു നിന്ന വനിതാ പോലീസുകാരി തടഞ്ഞു.

പോലീസുകാരിയുടെ നടപടി ഇഷ്ടപ്പെടാതിരുന്ന ഡിസിപി വിശദീകരണം തേടി. സിവിൽ വേഷത്തിൽ എത്തിയതിനാൽ തിരിച്ചറിഞ്ഞില്ലെന്ന് വിശദീകരിച്ചെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു ഡിസിപിയുടെ നിലപാട്. തുടർന്ന് ഇവരെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി.

കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തിയ ഉദ്യോഗസ്ഥയെ അഭിനന്ദിച്ചിരുന്നെങ്കിൽ ഇത്രയേറെ വിവാദം ഉണ്ടാകുമായിരുന്നില്ല എന്നാണ് പോലീസുകാർ പറയുന്നത്. താൻ ചുമതലയേറ്റ വിവരം എല്ലാവരേയും അറിയിക്കാൻ പോലീസ് ഉദ്യോഗസ്ഥ സ്വീകരിച്ച മാർഗം അൽപ്പം കടന്നുപോയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here